IPL 10: ധോണിയുടെ വെടിക്കെട്ടിന് പിന്നാലെ ‘ വാഷിംഗ്ടണ്‍ ’ ആക്രമണവും; മുംബൈ തകര്‍ന്നപ്പോള്‍ പൂനെ ഫൈനലില്‍
ധോണിയുടെ വെടിക്കെട്ടില്‍ മുംബൈ തകര്‍ന്നു; പൂനെ ഫൈനലില്‍
മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടിന് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്തെടുത്ത ബോളിംഗ് മികവില്‍ ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായിരുന്ന മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പൂനെ സൂപ്പർ ജയന്റ് ഐപിഎൽ ഫൈനലിൽ കടന്നു.
163 റണ്‍സ് ലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ 142റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. സ്കോർ: പുണെ 162/4, മുംബൈ ഇന്ത്യൻസ് (142/9.).
പരാജയപ്പെട്ടെങ്കിലും രണ്ടാം ക്വാളിഫയർ മത്സരത്തിലെ വിജയികളെ പരാജയപ്പെടുത്തിയാൽ മുംബൈക്ക് ഫൈനലിൽ ഇടംപിടിക്കാൻ ഇനിയും അവസരമുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് രണ്ടാം ക്വാളിഫയർ. ഹൈദരാബാദിൽ 21ന് ആണ് ഫൈനൽ.
നാലോവറിൽ 16 റണ്‍സ് വഴങ്ങി മൂന്നു മുൻനിര വിക്കറ്റുകൾ പിഴുത വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനമാണ് മുംബൈ വിജയത്തിൽ നിർണായകമായത്. 26 പന്തിൽ അഞ്ചു പടുകൂറ്റൻ സിക്സറുകളുടെ അകമ്പടിയില്‍ 40 റണ്‍സ് സ്വന്തമാക്കിയ ധോണിയാണ് മുംബൈയുടെ മേധാവിത്വം അവസാനിപ്പിച്ചത്.
163 റണ്‍സ് ലക്ഷ്യം പിന്തുടർന്ന മുംബൈയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശർമ(1), കീറോണ്‍ പൊള്ളാർഡ്(7), അമ്പാട്ടി റായിഡു(0) എന്നിവർ സുന്ദറിന്റെ സുന്ദരമായ പന്തുകൾക്കു മുന്നിൽ കീഴടങ്ങി. ഓപ്പണർ പാർഥിവ് പട്ടേൽ (52) മാത്രമാണ് നല്ല പ്രകടനം പുറത്തെടുത്തത്. ലെന്‍ഡന്‍ സിമ്മണ്‍സ് (5), ഹാർദിക് പാണ്ഡ്യ (14), കൃണാൽ പാണ്ഡ്യ (15) എന്നിവരും എളുപ്പം പുറത്തായി. കരൺ ശർമ (ഏഴു പന്തിൽ നാല്), മക്ലീനാഘൻ (11 പന്തിൽ 12), ബുംറ (11 പന്തിൽ 16), മലിംഗ (രണ്ടു പന്തിൽ ഏഴ്) എന്നിവർ പുറത്താകാതെ നിന്നു.
പൂനെയ്ക്കായി 48 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 58 റണ്‍സ് നേടിയ മനോജ് തിവാരിയാണ് പൂന ടോപ് സ്കോറർ. ഓപ്പണർ അജിങ്ക്യ രഹാന 43 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സുമടക്കം 56 റണ്‍സ് നേടി.