മുംബൈയുടെ സാധ്യതകള്‍ ഇങ്ങനെ; ‘ഞാണിന്‍ മേല്‍ കളി’യുമായി നാലു ടീമുകള്‍
മുംബൈയുടെ സാധ്യതകള്‍ ഇങ്ങനെ; ‘ഞാണിന്‍ മേല്‍ കളി’യുമായി നാലു ടീമുകള്‍
മുമ്പെങ്ങും കാണാത്തവിധത്തിലുള്ള പിരിമുറുക്കത്തിലൂടെയാണ് ഐപിഎല്‍ പതിനൊന്നാം സീസണ്‍ കടന്നു പോകുന്നത്. പ്ലേ ഓഫ് യോഗ്യതയാണ് വമ്പന്‍ ടീമുകളെ ഇത്തവണ വേട്ടയാടുന്നത്.
കെയ്‌ന്‍ വില്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാത്രമാണ് അവസാന നാലില്‍ ഇടം പിടിച്ചിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിനടത്ത് നില്‍ക്കുമ്പോള്‍ തുടര്‍ന്നുള്ള രണ്ടു സ്ഥാനങ്ങള്‍ക്കു വേണ്ടിയാണ് തീപാറും പോരാട്ടം നടക്കുക.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് പോരാട്ട മുഖത്തുള്ളത്. ഇതില്‍ മുംബൈയുടെ കാര്യമാണ് ബുദ്ധിമുട്ടുള്ളത്.
ഈ നടക്കുന്ന മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ടാല്‍ കോഹ്‌ലിപ്പടയ്‌ക്ക് ബസ് കയറാം. എന്നാല്‍ ബംഗ്ലൂര്‍ ജയിച്ചാല്‍ പോലും മുന്നോട്ടുള്ള പോക്ക് കടുകട്ടിയാണ്. ഇന്ന് ജയിക്കുന്നതോടെ 12 പോയിന്റ് മാത്രമാണ് അവര്‍ക്ക് ലഭിക്കുക. എന്നാല്‍ 14 പോയിന്റുള്ള പഞ്ചാബ്, കൊല്‍ക്കത്ത, രാജസ്ഥാന്‍ ടീമുകള്‍ തുടര്‍ന്നുള്ള മത്സരം ജയിച്ചാല്‍ 16പോയിന്റാകും. ഇതോടെ ആര്‍ സി ബി പിന്നിലാകും.
ഇന്ന് കോഹ്‌ലിയേയും കൂട്ടരെയും പരാജയപ്പെടുത്തുകയും അടുത്ത മത്സരം ജയിക്കാനും സാധിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത കൂടി പഞ്ചാബിനു മുന്നിലുണ്ട്.
പഞ്ചാബ് ഇന്ന് പരാജയപ്പെട്ടാല്‍ ബാംഗ്ലൂരിന് പ്രതീക്ഷ തുടരാം. ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും മറ്റുള്ള ടീമുകളുടെ മത്സരഫലം അനുകൂലമാവുകയും ചെയ്‌താല്‍ കോഹ്‌ലിക്ക് സന്തോഷിക്കാം.
10 പോയിന്റുമായി തിരിച്ചടി നേരിടുന്ന മുംബൈക്ക് അടുത്ത രണ്ടു കളികളും ജയിച്ചാലും കാര്യമില്ല. അങ്ങനെ സംഭവിച്ചാല്‍ 14 പോയിന്റെ മാത്രമാകും ലഭിക്കുക. അപ്പോള്‍ മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ അവരുടെ വിധിയെഴുതും.