ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേക്കാള്‍ മികവുള്ള ടീമുകള്‍ ഈ ഐപിഎല്‍ സീസണില്‍ കളിക്കുന്നുണ്ട്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ എന്തുകൊണ്ടും ധോണിയുടെ ടീമിനേക്കാള്‍ കരുത്തുള്ളവരാണ്. ബാറ്റിംഗിലും ബോളിംഗിലും മികവുള്ള സംഘങ്ങളാണ് ഇവര്‍.
എന്നാല്‍ ചെന്നൈ തുടര്‍ ജയങ്ങള്‍ സ്വന്തമാക്കുന്നത് എങ്ങനെയെന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. വളരെ നിസാരമാണ് ഇതിനുള്ള ഉത്തരം. ധോണിയെന്ന ക്യാപ്‌റ്റനാണ് മഞ്ഞപ്പടയുടെ ജീവനാഡി. വയസന്‍ പടയെന്ന വിമര്‍ശിച്ചവരെ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ചെന്നൈയ്‌ക്ക് കഴിയുന്നത് ഈ താരത്തിന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ്.
ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ട്‌പോകാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ധോണിക്കുണ്ടെന്നാണ് സഹതാരം ഇമ്രാന്‍ താഹിര്‍ വ്യക്തമാക്കുന്നത്. പ്ലാനിംങ് ഇല്ലെന്നും ഒഴുക്കിന് അനുസരിച്ച് പോവുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നുമാണ് മറ്റൊരു താരം ബ്രാവോയും പറയുന്നത്.
ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ ധോണിയുടെ ഇടപെടലുകളാണെന്നതാണ് സത്യം. ഇതുവരെ ചെന്നൈ ജയിച്ച മത്സരങ്ങള്‍ അതിന് ഉദ്ദാഹരണങ്ങളാണ്. ബോളിംഗില്‍ നിര്‍ണായ മാറ്റങ്ങള്‍ വരുത്തിയും ഫീല്‍ഡിംഗ് ക്രമം ഒരുക്കിയും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റെടുക്കുക എന്നതാണ് ധോണിയുടെ തന്ത്രം.
ഫാഫ് ഡുപ്ലസിയെപ്പോലെ മികച്ചൊരു താരത്തെ പുറത്തിരുത്തി ബാറ്റിംഗ് ഓര്‍ഡര്‍ ക്രമീകരിച്ചിരിക്കുന്ന ധോണിയുടെ തന്ത്രം ആരെയു അതിശയപ്പെടുത്തും. നാല് വിദേശ താരങ്ങള്‍ എല്ലാം ടീമുകളുടെയും പ്ലെയിംഗ് ഇലവനില്‍ ഇടം നേടുമ്പോള്‍ ധോണി മൂന്ന് താരങ്ങളെ മാത്രമാണ് ഉള്‍പ്പെടുത്തുന്നത്.
ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ് എന്നീ സ്‌പിന്നര്‍മാരാണ് ധോണിയുടെ പ്രധാന ആയുധങ്ങള്‍.
ടീമിൽ കാര്യമായ അഴിച്ചുപണി നടത്താതിരിക്കുകയും ടീം തിരഞ്ഞെടുപ്പിൽ വൈകാരികതയ്ക്കു സ്ഥാനം നൽകാതിരിക്കുകയും ചെയ്യുന്ന ക്യാപ്‌റ്റന്റെ രീതി ചെന്നൈയുടെ വിജയ കുതിപ്പിന്റെ കാതലാണ്. മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഇക്കാര്യത്തില്‍ ധോണിയെ മാതൃകയാക്കേണ്ടത് ആവശ്യമാണെന്ന് വിമര്‍ശകര്‍ വ്യക്തമാക്കുന്നുണ്ട്.