Who is Mayank Yadav: ബുംറയ്‌ക്കൊപ്പം ആദ്യ സ്‌പെല്‍ എറിയാന്‍ അവന്‍ വരുന്നത് ആലോചിച്ചു നോക്കൂ ! മായങ്ക് യാദവ് അഥവാ ഇന്ത്യന്‍ അക്തര്‍
2021 ല്‍ വിജയ് ഹസാരെ ട്രോഫിയുടെ ഭാഗമായി ഉത്തര്‍പ്രദേശും ഡല്‍ഹിയും തമ്മിലുള്ള പരിശീലന മത്സരം നടക്കുമ്പോഴാണ് മായങ്ക് യാദവ് എന്ന ഫാസ്റ്റ് ബൗളറെ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും ഡല്‍ഹി പരിശീലകനുമായ വിജയ് ദാഹിയ ശ്രദ്ധിക്കുന്നത്
Who is Mayank Yadav: വേഗത കൊണ്ട് ബാറ്റര്‍മാരെ അടിയറവ് പറയിപ്പിക്കുന്ന പേസര്‍മാര്‍ ഇന്ത്യക്ക് കുറവാണ്. പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായി 150 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുമ്പോള്‍ അപൂര്‍വമായാണ് ഏതെങ്കിലും ഇന്ത്യന്‍ ബൗളര്‍ ഇത്ര വേഗതയില്‍ ഒരു പന്തെങ്കിലും എറിയുക. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെ ആകില്ല, കാരണം ഇന്ത്യക്കുമുണ്ട് ഒരു ഉഗ്രന്‍ പേസര്‍. ഐപിഎല്ലിലെ രണ്ട് മത്സരങ്ങള്‍ കൊണ്ട് ലോകോത്തര ബാറ്റര്‍മാരെ വിറപ്പിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ മായങ്ക് യാദവ് ! ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് മായങ്കിനെ ഉറപ്പായും പരിഗണിക്കണമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ മുറവിളി. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മായങ്ക് യാദവ് പന്തെറിയാന്‍ എത്തുന്ന മനോഹര നിമിഷത്തിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
2021 ല്‍ വിജയ് ഹസാരെ ട്രോഫിയുടെ ഭാഗമായി ഉത്തര്‍പ്രദേശും ഡല്‍ഹിയും തമ്മിലുള്ള പരിശീലന മത്സരം നടക്കുമ്പോഴാണ് മായങ്ക് യാദവ് എന്ന ഫാസ്റ്റ് ബൗളറെ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും ഡല്‍ഹി പരിശീലകനുമായ വിജയ് ദാഹിയ ശ്രദ്ധിക്കുന്നത്. ഐപിഎല്ലില്‍ ലഖ്‌നൗവിന്റെ അസിസ്റ്റന്റ് കോച്ചും ടാലന്റ് സ്‌കൗട്ടും ആയിരുന്നു ദാഹിയ. ഈ സമയത്ത് ലഖ്‌നൗവിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്ററായ ഗൗതം ഗംഭീറിനോട് മായങ്കിനെ കുറിച്ച് ദാഹിയ സംസാരിച്ചു. ലേലത്തില്‍ മായങ്കിനെ ഉറപ്പായും എടുക്കണമെന്നാണ് ദാഹിയ ഗംഭീറിനോട് പറഞ്ഞത്. ഒടുവില്‍ മായങ്ക് ലഖ്‌നൗ ക്യാംപിലെത്തി.
അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ലഖ്‌നൗ മായങ്കിനെ സ്വന്തമാക്കിയത്. വലിയ ആത്മവിശ്വാസത്തോടെയാണ് ഐപിഎല്ലിലെ ആദ്യ ഓവര്‍ താന്‍ എറിഞ്ഞതെന്ന് മായങ്ക് പറയുന്നു. വെറുതെ പേസ് മാത്രമല്ല മായങ്കിന്റെ കരുത്ത്. 150 കിലോമീറ്റര്‍ വേഗതയില്‍ ലൈനും ലെങ്തും കീപ്പ് ചെയ്യാനും മായങ്കിനു സാധിക്കുന്നുണ്ട്. മാത്രമല്ല വേരിയേഷന്‍ ബോളുകളും മായങ്കിന്റെ കരുത്താണ്. ഐപിഎല്ലിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മായങ്ക് എട്ട് ഓവറുകളില്‍ നിന്ന് ആകെ വഴങ്ങിയത് വെറും 41 റണ്‍സ്, വീഴ്ത്തിയത് ആറ് വിക്കറ്റുകള്‍ !
ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രാന്‍ സിങ്, ജിതേഷ് ശര്‍മ, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നീ ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെയാണ് രണ്ട് കളികളില്‍ നിന്നായി മായങ്ക് പുറത്താക്കിയത്. 2023 സീസണില്‍ ലഖ്‌നൗവിന് വേണ്ടി മായങ്ക് അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു. എന്നാല്‍ മത്സരത്തിനു തൊട്ടു മുന്‍പ് പരിശീലനത്തിനിടെ പരുക്കേറ്റത് താരത്തിനു തിരിച്ചടിയായി. കഴിഞ്ഞ സീസണില്‍ ഒരു മത്സരം പോലും മായങ്കിന് കളിക്കാന്‍ സാധിച്ചിട്ടില്ല.
വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്നതിനു മുന്‍പ് നിരവധി ക്ലബുകളുടെ ഭാഗമായിരുന്നു മായങ്ക്. കൃത്യമായ റണ്ണപ്പ് ഇല്ലാത്ത ബൗളിങ് ആയിരുന്നു മായങ്കിന്റേത്. പിന്നീട് ലഖ്‌നൗ ക്യാംപില്‍ നിന്നാണ് ബൗളിങ്ങില്‍ റണ്ണപ്പിനുള്ള പ്രാധാന്യം മായങ്ക് മനസിലാക്കുന്നത്. ചെറുപ്പത്തില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, മോണി മോര്‍ക്കല്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരുടെ ബൗളിങ്ങാണ് മായങ്കിന്റെ അച്ഛന്‍ ടിവിയില്‍ കാണിച്ചു കൊടുത്തിരുന്നത്. ബാറ്ററുടെ ഹെല്‍മറ്റിലും ശരീരത്തിലും പന്ത് കൊള്ളുന്നത് ഒരു ഫാസ്റ്റ് ബൗളറാകാന്‍ മായങ്കിനെ പ്രചോദിപ്പിച്ചു.
ഡല്‍ഹി സ്വദേശിയായ മായങ്ക് യാദവിന്റെ പ്രായം വെറും 21 ആണ്. 6.1 ആണ് താരത്തിന്റെ ഉയരം.