Delhi Capitals: ഡല്‍ഹിയെ നയിക്കാന്‍ അക്‌സര്‍ പട്ടേല്‍; രാഹുല്‍ ഒഴിഞ്ഞുനിന്നു
റിഷഭ് പന്ത് ആയിരുന്നു നേരത്തെ ഡല്‍ഹി നായകന്‍
Axar Patel - Delhi Capitals
Delhi Capitals: നായകസ്ഥാനം ഏറ്റെടുക്കാന്‍ കെ.എല്‍.രാഹുല്‍ താല്‍പര്യക്കുറവ് അറിയിച്ചതോടെ 2025 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാനുള്ള ചുമതല അക്‌സര്‍ പട്ടേലിന്. ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ ആയ അക്‌സറിനെ ഡല്‍ഹി ഫ്രാഞ്ചൈസി നായകനായി പ്രഖ്യാപിച്ചു. ഇതോടെ 2025 സീസണിലേക്കുള്ള എല്ലാ നായകന്‍മാരുടെയും കാര്യത്തില്‍ തീരുമാനമായി.
2019 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് അക്‌സര്‍. ഡല്‍ഹിക്കായി 82 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 16.5 കോടിക്കാണ് അക്‌സറിനെ ഡല്‍ഹി ഇത്തവണ നിലനിര്‍ത്തിയത്. ഐപിഎല്ലില്‍ 150 മത്സരങ്ങളില്‍ നിന്ന് 130.88 സ്‌ട്രൈക് റേറ്റില്‍ 1653 റണ്‍സും 7.28 ഇക്കോണമിയില്‍ 123 വിക്കറ്റുകളും അക്‌സര്‍ സ്വന്തമാക്കിയിട്ടുണ്ട്.
റിഷഭ് പന്ത് ആയിരുന്നു നേരത്തെ ഡല്‍ഹി നായകന്‍. മെഗാ താരലേലത്തിനു മുന്‍പ് ഡല്‍ഹി വിടാന്‍ പന്ത് തീരുമാനിക്കുകയായിരുന്നു. പന്തിനു പകരക്കാരനായി ഡല്‍ഹി കെ.എല്‍.രാഹുലിനെ സ്വന്തമാക്കിയത് നായകനാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടി നായകസ്ഥാനം താന്‍ ഏറ്റെടുക്കുന്നില്ലെന്ന് രാഹുല്‍ ഫ്രാഞ്ചൈസിയെ അറിയിച്ചു.