Chennai Super Kings: തല മാറിയിട്ടും രക്ഷയില്ല; നാണംകെട്ട് ചെന്നൈ
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടിയത്
Chennai Super Kings: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശനിദശ തുടരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടു സ്വന്തം തട്ടകമായ ചെപ്പോക്കില്‍ വെച്ച് എട്ട് വിക്കറ്റിനു തോറ്റു. ഋതുരാജ് ഗെയ്ക്വാദിനു പകരം എം.എസ്.ധോണി നായകനായി എത്തിയിട്ടും ചെന്നൈയെ രക്ഷിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ വെറും 10.1 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത ലക്ഷ്യംകണ്ടു. കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ ആണ് കളിയിലെ താരം.
29 പന്തില്‍ 31 റണ്‍സ് നേടിയ ശിവം ദുബെയും 21 പന്തില്‍ 29 റണ്‍സെടുത്ത വിജയ് ശങ്കറും ഒഴിച്ച് മറ്റാര്‍ക്കും ചെന്നൈയ്ക്കായി ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. രചിന്‍ രവീന്ദ്ര (നാല്), ഡെവന്‍ കോണ്‍വെ (12), രാഹുല്‍ ത്രിപാഠി (16), ദീപക് ഹൂഡ (പൂജ്യം, എം.എസ്.ധോണി (ഒന്ന്), രവീന്ദ്ര ജഡേജ (പൂജ്യം), രവിചന്ദ്രന്‍ അശ്വിന്‍ (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണയ്ക്കും വരുണ്‍ ചക്രവര്‍ത്തിക്കും രണ്ട് വീതം വിക്കറ്റുകള്‍.
ബാറ്റിങ്ങിലും നരെയ്ന്‍ തിളങ്ങി. 18 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 44 റണ്‍സാണ് നരെയ്ന്‍ നേടിയത്. ക്വിന്റണ്‍ ഡി കോക്ക് 16 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ (17 പന്തില്‍ 20), റിങ്കു സിങ് (12 പന്തില്‍ 15) എന്നിവര്‍ പുറത്താകാതെ നിന്നു.
ഈ സീസണില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് തോല്‍വികളുമായി പോയിന്റ് ടേബിളില്‍ ഒന്‍പതാമതാണ് ചെന്നൈ. സീസണിലെ ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനോടു ജയിച്ചതൊഴിച്ചാല്‍ പിന്നീടുള്ള തുടര്‍ച്ചയായ അഞ്ച് കളികളും തോറ്റു.