ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളില്‍ ഒന്നില്‍ കൊല്‍ക്കത്തക്കെതിരെ വിജയം നേടി പോയിന്റ് പട്ടികയില്‍ ഒന്നാമതായിരിക്കുകയാണ് സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ വിജയിക്കാനായെങ്കിലും 224 എന്ന ടാര്‍ജറ്റ് ചെയ്‌സ് ചെയ്യവെ ധ്രുവ് ജുറലിന് പിന്നാലെ അശ്വിനെ ഇറക്കി വിടാനുള്ള രാജസ്ഥാന്‍ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 224 പോലെ ഒരു വമ്പന്‍ ടോട്ടല്‍ ചെയ്‌സ് ചെയ്യവെ ഹെറ്റ്മയര്‍,പവല്‍ എന്നീ ഹിറ്റര്‍മാരുള്ളപ്പോല്‍ അശ്വിനെ ഇറക്കി വിട്ടത് മണ്ടത്തരമാണെന്നാണ് ആരാധകരുടെ വിമര്‍ശനം.
ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റുകള്‍ പോകുമ്പോള്‍ സമ്മര്‍ദ്ദത്തിലാകാതിരിക്കാന്‍ അശ്വിനെ ഇറക്കുന്നത് പോലെയല്ല ചെയ്‌സ് ചെയ്യുമ്പോള്‍. അശ്വിന്‍ ക്രീസിലെത്തുമ്പോള്‍ രാജസ്ഥാന്റെ റണ്‍റേറ്റും മികച്ചതായിരുന്നു. പവല്‍,ഹെറ്റ്മയര്‍ എന്നിവര്‍ വെറും ഫിനിഷര്‍മാര്‍ മാത്രമല്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തെളിയിച്ച താരങ്ങളാണ്. ടീമിന്റെ റണ്‍റേറ്റ് കുറയാതെ തന്നെ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഈ ബാറ്റര്‍മാര്‍ക്കാകുമായിരുന്നു. അശ്വിന്‍ ഇറങ്ങുമ്പോള്‍ 8.4 ഓവറില്‍ 100 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. 11 പന്തില്‍ 8 റണ്‍സ് മാത്രമാണ് അശ്വിന്‍ സ്‌കോര്‍ ചെയ്തത്. ഇത് രാജസ്ഥാന്റെ ചെയ്‌സിങ്ങ് ടഫാക്കുകയാണ് ചെയ്തത്.
അശ്വിന്‍ പുറത്തായതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ഹെറ്റ്‌മെയറും പുറത്തായതോടെ രാജസ്ഥാന്‍ പതറിയെങ്കിലും റോവ്മന്‍ പവല്‍ നടത്തിയ കാമിയോ പ്രകടനമാണ് രാജസ്ഥാനെ മത്സരത്തില്‍ തിരിച്ചെത്തിച്ചത്. താളം കണ്ടെത്താന്‍ പാടുപ്പെട്ടിരുന്ന ജോസ് ബട്ട്‌ലറില്‍ നിന്ന് സമ്മര്‍ദ്ദമകറ്റാനും പവലിന്റെ ഈ പ്രകടനം സഹായിച്ചു. മത്സരശേഷം തനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നിലിറങ്ങാന്‍ ആഗ്രഹമുള്ളതായി പവല്‍ പറയുകയും ചെയ്തു.