ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ വിജയതുടര്‍ച്ചയ്ക്ക് അവസാനമിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍സിബിയെ 8 വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ 170 റണ്‍സ് എന്ന വിജയലക്ഷ്യമാണ് ഗുജറാത്തിന് മുന്നില്‍ വെച്ചത്. എന്നാല്‍ സായ് സുദര്‍ശന്റെയും ജോസ് ബട്ട്ലറുടെയും ബാറ്റിംഗ് മികവില്‍ അനായാസമായാണ് ഗുജറാത്ത് ഇത് മറികടന്നത്.
39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ജോസ് ബട്ട്ലറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 39 പന്തില്‍ 49 റണ്‍സും ഷെറഫെന്‍ റുഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സും നേടി പുറത്തായി. നായകന്‍ ശുഭ്മാന്‍ ഗില്‍ 14 റണ്‍സാണ് നേടിയത്. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് തുടക്കത്തില്‍ തന്നെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. ലിയാം ലിവിങ്ങ്സ്റ്റണും ജിതേഷ് ശര്‍മയും ടിം ഡേവിഡും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ടീമിനെ 169 എന്ന ഭേദപ്പെട്ട നിലയിലെത്തിച്ചത്. 40 പന്തില്‍ നിന്നും 54 റണ്‍സുമായി ലിയാം ലിവിങ്ങ്സ്റ്റണായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി മുഹമ്മദ് സിറാജ് മൂന്നും സായ് കിഷോര്‍ 2 വിക്കറ്റും വീഴ്ത്തി.