Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവിടെ ഷോ മാത്രമല്ല വര്‍ക്കും ഉണ്ട്, വിമര്‍ശകര്‍ക്ക് ഇനി വായ പൂട്ടാം; ഇത് താന്‍ 'ഹാര്‍ദിക് പാണ്ഡ്യ സ്റ്റൈല്‍'

ഇവിടെ ഷോ മാത്രമല്ല വര്‍ക്കും ഉണ്ട്, വിമര്‍ശകര്‍ക്ക് ഇനി വായ പൂട്ടാം; ഇത് താന്‍ 'ഹാര്‍ദിക് പാണ്ഡ്യ സ്റ്റൈല്‍'
, തിങ്കള്‍, 30 മെയ് 2022 (11:20 IST)
രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഒരേയൊരു വ്യത്യാസമേയുള്ളൂ, അത് ഹാര്‍ദിക് പാണ്ഡ്യയാണ്. ഗുജറാത്തിന് ഹാര്‍ദിക് പാണ്ഡ്യയുണ്ട്. രാജസ്ഥാനൊപ്പം അങ്ങനെയൊരു താരമില്ല. അതുകൊണ്ട് തന്നെ ഗുജറാത്ത് ചാംപ്യന്‍മാരായി...പറഞ്ഞത് മറ്റാരുമല്ല, മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ്. 
 
ഐപിഎല്‍ ഫൈനലില്‍ അടിമുടി ഹാര്‍ദിക് പാണ്ഡ്യ ഷോയാണ് എല്ലാവരും കണ്ടത്. വിമര്‍ശകരെ പോലും കയ്യടിപ്പിക്കുന്ന നല്ല ഒന്നാന്തരം ഹീറോയിസം. ക്യാപ്റ്റന്‍, ബാറ്റര്‍, ബൗളര്‍ എന്നീ നിലകളിലെല്ലാം ഹാര്‍ദിക് തിളങ്ങിയപ്പോള്‍ ഐപിഎല്‍ കിരീടം ഗുജറാത്തിന് സ്വന്തം. 
 
കളിക്കളത്തിലെ ആവേശത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. കുറച്ചധികം ഷോ ഓഫാണ് പാണ്ഡ്യയെന്നാണ് പലരുടേയും പ്രധാന വിമര്‍ശനം. എന്നാല്‍ ഷോ മാത്രമല്ല വര്‍ക്കും ഇവിടെയുണ്ട് എന്ന് ഹാര്‍ദിക് വിമര്‍ശകര്‍ക്ക് കാണിച്ചുകൊടുത്തു. 
 
നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പാണ്ഡ്യ വീഴ്ത്തിയത്. അതും രാജസ്ഥാന്റെ മൂന്ന് പ്രധാന വിക്കറ്റുകള്‍. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവരെ ഹാര്‍ദിക് കൂടാരം കയറ്റി. ഇതില്‍ ഒരാള്‍ താളം കണ്ടെത്തിയിരുന്നെങ്കില്‍ രാജസ്ഥാന്റെ സ്‌കോര്‍ 150 കടക്കുമായിരുന്നു. എന്നാല്‍ കണിശതയോടെ പന്തെറിഞ്ഞ ഹാര്‍ദിക് കൂറ്റനടിക്കാരായ മൂന്ന് പേരെയും പുറത്താക്കി. 
 
ബാറ്റിങ്ങിലേക്ക് വന്നാലും ഹാര്‍ദിക് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കാഴ്ചയാണ് കണ്ടത്. 23-2 എന്ന നിലയില്‍ പരുങ്ങിയ ഗുജറാത്തിന് ഹാര്‍ദിക് പാണ്ഡ്യ വിജയത്തിലേക്കുള്ള അടിത്തറ പാകി. 30 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമായി 34 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഒടുവില്‍ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചുമായി. 
 
ബാറ്റര്‍ക്കും ബൗളര്‍ക്കും മുകളിലായിരുന്നു ഹാര്‍ദിക് പാണ്ഡ്യയെന്ന നായകന്‍. തന്നിലെ ആക്രമണോത്സുകതയും വിജയതീക്ഷണതയും സഹതാരങ്ങളിലേക്ക് കൂടി പ്രവഹിക്കാനുള്ള അസാധ്യ നേതൃപാഠവശേഷി ഹാര്‍ദിക് കാണിച്ചു. അതാണ് ഗുജറാത്തിനെ മറ്റ് ടീമുകളില്‍ വ്യത്യസ്തമാക്കിയത്. അടിമുടി ഒരു ഹാര്‍ദിക് പാണ്ഡ്യ ഷോയായിരുന്നു ഗുജറാത്തിന്റെ കിരീട നേടത്തിലേക്കുള്ള വഴിയില്‍ കണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചഹല്‍ കൈവിട്ടത് ഐപിഎല്‍ കപ്പ് തന്നെ ! നിരാശയോടെ ആരാധകര്‍