Webdunia - Bharat's app for daily news and videos

Install App

ഇവര്‍ അവരോട് ജയിച്ചാല്‍ അവര്‍ ഇവരോട് തോറ്റാല്‍ ഇവര്‍ കയറും ! ഐപിഎല്ലില്‍ ഇനി ട്വിസ്റ്റുകളുടെ കളികള്‍; പ്ലേ ഓഫിന് മുന്‍പ് എന്തും സംഭവിക്കാം

Webdunia
ചൊവ്വ, 17 മെയ് 2022 (10:37 IST)
ഐപിഎല്‍ 15-ാം സീസണ്‍ പ്ലേ ഓഫിലേക്ക് അടുക്കുകയാണ്. ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ചത് ഒരു ടീം മാത്രം, ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്. പ്ലേ ഓഫില്‍ കയറാന്‍ ഒരു സാധ്യതയും ഇനിയില്ലാത്ത ടീമുകള്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. പ്ലേ ഓഫില്‍ കയറാന്‍ സാധ്യതയുള്ള മറ്റ് മൂന്ന് ടീമുകള്‍ ഏതൊക്കെയാണ് ? നടക്കാനിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റുകള്‍. പ്ലേ ഓഫ് കാത്തിരിക്കുന്ന ഓരോ ടീമുകളുടേയും സാധ്യതകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. 
 
രാജസ്ഥാന്‍ റോയല്‍സ് 
 
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍ നിലവില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. 13 കളികളില്‍ എട്ട് ജയവും അഞ്ച് തോല്‍വിയുമായി രാജസ്ഥാന് 16 പോയിന്റാണ് ഉള്ളത്. ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട് രാജസ്ഥാന്‍. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് രാജസ്ഥാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഈ കളി ജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. 
 
എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുള്ള കളി രാജസ്ഥാന്‍ തോറ്റാല്‍ എന്ത് സംഭവിക്കും? അപ്പോഴും ഏറെക്കുറെ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പാണ്. ചെന്നൈയോട് 80 റണ്‍സിന്റെ മാര്‍ജിനില്‍ എങ്കില്‍ തോല്‍വി വഴങ്ങുകയും നിലവില്‍ പോയിന്റ് ടേബിളില്‍ രാജസ്ഥാന് താഴെ കിടക്കുന്ന ടീമുകള്‍ വമ്പന്‍ റണ്‍റേറ്റില്‍ ജയിക്കുകയും വേണം. ഏറെക്കുറെ അസാധ്യമാണ് അതെല്ലാം. അതുകൊണ്ട് രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിച്ചെന്ന് പറയാം. 
 
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 
 
കെ.എല്‍.രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. 13 കളികളില്‍ എട്ട് ജയവും അഞ്ച് തോല്‍വിയുമായി 16 പോയിന്റാണ് ലഖ്നൗവിനുള്ളത്. ബുധനാഴ്ച കൊല്‍ക്കത്തയ്ക്കെതിരെയാണ് ലഖ്നൗവിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഈ കളി ജയിച്ചാല്‍ യാതൊരു ടെന്‍ഷനും ഇല്ലാതെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് പ്ലേ ഓഫില്‍ കയറാം. 
 
കൊല്‍ക്കത്തയ്ക്കെതിരെ തോറ്റാലും ലഖ്നൗവിന് പ്രതീക്ഷകളുണ്ട്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവ് ആയതിനാല്‍ ലഖ്നൗവിന് അധികം ആകുലതപ്പെടേണ്ടി വരില്ലെന്നാണ് കണക്കുകള്‍. അഞ്ചാം സ്ഥാനത്തുള്ള ആര്‍സിബി നെറ്റ് റണ്‍റേറ്റില്‍ വളരെ പിന്നില്‍ ആയതിനാല്‍ ലഖ്നൗവിന് കാര്യങ്ങള്‍ എളുപ്പമാകും. കൊല്‍ക്കത്തയ്ക്കെതിരെ ഉയര്‍ന്ന മാര്‍ജിനില്‍ തോല്‍വി വഴങ്ങിയാല്‍ മാത്രമേ ലഖ്നൗവിന് പ്ലേ ഓഫ് സാധ്യതയില്‍ മങ്ങലേല്‍ക്കൂ. 
 
ഡല്‍ഹി ക്യാപിറ്റല്‍സ് 
 
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടത് ഒരു ജയം മാത്രം. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്ന ഒരു കളി കൂടി ജയിച്ചാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്നാം സ്ഥാനക്കാരായോ നാലാം സ്ഥാനക്കാരായോ പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹിയുടെ എതിരാളികള്‍. നിലവില്‍ 13 കളികളില്‍ ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റോടെ നാലാം സ്ഥാനത്താണ് ഡല്‍ഹി.
 
മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരബാദ് എന്നീ ടീമുകളുടെയെല്ലാം പ്ലേ ഓഫ് പ്രതീക്ഷകള്‍ അതോടെ പൂര്‍ണ്ണമായി അസ്തമിക്കുകയും ചെയ്യും. 
 
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 
 
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരു ജയം മാത്രമല്ല മറ്റൊരു ടീം തോല്‍ക്കുകയും വേണം ! ഡല്‍ഹി ക്യാപിറ്റല്‍സാണ് തോല്‍ക്കേണ്ട ടീം. 13 കളികളില്‍ ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുള്ളത്. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്നത് ഒരു കളി കൂടി. വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റന്‍സാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. ഈ കളിയില്‍ നിര്‍ബന്ധമായും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയിക്കണം. എങ്കില്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉള്ളൂ. 
 
ഗുജറാത്തിനെതിരെ ജയിച്ചാല്‍ മാത്രം പോരാ...ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങണം. അങ്ങനെ ഡല്‍ഹി മുംബൈയോട് തോല്‍ക്കുകയും ഗുജറാത്തിനെതിരെ ബാംഗ്ലൂര്‍ ജയിക്കുകയും ചെയ്താല്‍ നാലാം സ്ഥാനക്കാരായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ കയറും. 
 
കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരബാദ് 
 
ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ നേരിയ സാധ്യതയുള്ള മൂന്ന് ടീമുകളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നിവര്‍. നിലവില്‍ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലാണ് ഈ ടീമുകള്‍. 
 
13 കളികളില്‍ ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റോടെ ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. ബുധനാഴ്ച ലഖ്‌നൗവിനെതിരെയാണ് കൊല്‍ക്കത്തയുടെ അവസാന മത്സരം. ഈ കളി ജയിച്ചാലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ മറ്റ് ടീമുകളെ ആശ്രയിക്കണം. ഡല്‍ഹിയും ആര്‍സിബിയും ഇനിയുള്ള കളികള്‍ ജയിക്കാതിരിക്കുകയും കൊല്‍ക്കത്ത ലഖ്‌നൗവിനെതിരെ വമ്പന്‍ മാര്‍ജിനില്‍ ജയിക്കുകയും വേണം. എങ്കില്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കൂ. 
 
13 കളികളില്‍ ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റോടെ ഏഴാം സ്ഥാനത്താണ് പഞ്ചാബ്. പ്ലേ ഓഫ് സാധ്യത വളരെ വിദൂരത്തിലാണ് പഞ്ചാബിന്. കാരണം നെറ്റ് റണ്‍റേറ്റ് നെഗറ്റീവാണ്. ഞായറാഴ്ച ഹൈദരബാദിനെതിരെയാണ് പഞ്ചാബിന്റെ അവസാന കളി. ഈ കളി വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം പോരാ പഞ്ചാബിന് മറിച്ച് ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവര്‍ അടുത്ത കളികളില്‍ തോല്‍ക്കുകയും വേണം. അതുകൊണ്ട് പഞ്ചാബിന്റെ സാധ്യത ഏറെക്കുറെ അസ്തമിച്ചു. 
 
ഹൈദരബാദിന് പഞ്ചാബിനേക്കാള്‍ സാധ്യത കൂടുതലാണ്. കാരണം ഹൈദരബാദിന് രണ്ട് കളികള്‍ ശേഷിക്കുന്നുണ്ട്. 12 കളികളില്‍ അഞ്ച് ജയവും ഏഴ് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഹൈദരബാദ്. അടുത്ത രണ്ട് കളി കൂടി ജയിച്ചാല്‍ ഹൈദരബാദിന് 14 പോയിന്റാകും. പക്ഷേ നെറ്റ് റണ്‍റേറ്റ് ഹൈദരബാദിന് നെഗറ്റീവാണ്. മറ്റ് ടീമുകളുടെ പ്രകടനം കൂടി ഹൈദരബാദിന്റെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

അടുത്ത ലേഖനം
Show comments