Gujarat Titans: ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത്
13 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയത്തോടെ 11 പോയിന്റുള്ള ഗുജറാത്ത് എട്ടാം സ്ഥാനത്താണ് ഇപ്പോള്‍
Publish Date: Tue, 14 May 2024 (09:32 IST)
Updated Date: Tue, 14 May 2024 (09:33 IST)
Gujarat Titans: മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ക്ക് പിന്നാലെ ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായി ഗുജറാത്ത് ടൈറ്റന്‍സും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഗുജറാത്തിന്റെ വഴികള്‍ അടഞ്ഞത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം ജയിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കിയിരുന്നെങ്കില്‍ ഗുജറാത്തിനു പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരിയ തോതിലെങ്കിലും നിലനിര്‍ത്തമായിരുന്നു. മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
13 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയത്തോടെ 11 പോയിന്റുള്ള ഗുജറാത്ത് എട്ടാം സ്ഥാനത്താണ് ഇപ്പോള്‍. ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാലും ഗുജറാത്തിന് പ്ലേ ഓഫില്‍ കയറാന്‍ പറ്റില്ല. കഴിഞ്ഞ രണ്ട് സീസണിലും പ്ലേ ഓഫ് കളിച്ച ടീമാണ് ഗുജറാത്ത്. മാത്രമല്ല 2022 സീസണില്‍ കിരീടം ഉയര്‍ത്തുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു രണ്ട് സീസണിലും ഗുജറാത്തിനെ നയിച്ചത്. ഹാര്‍ദിക് മുംബൈയിലേക്ക് പോയ ശേഷം ശുഭ്മാന്‍ ഗില്‍ ഗുജറാത്തിന്റെ നായകസ്ഥാനത്ത് എത്തുകയായിരുന്നു.