താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ
താരലേലത്തിന് മുന്‍പായി ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി നവംബര്‍ 15 ആയിരിക്കും.
ഈ വര്‍ഷത്തെ ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 15ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള തീയതികളിലാകും താരലേലം നടക്കുകയെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തവണ ഇന്ത്യയില്‍ വെച്ച് തന്നെയാകും താരലേലമെന്നാണ് സൂചന. താരലേലത്തിന് മുന്‍പായി ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി നവംബര്‍ 15 ആയിരിക്കും.
കഴിഞ്ഞ വര്‍ഷം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ കുറെ മാറ്റങ്ങള്‍ ടീമില്‍ നടത്തിയേക്കും. ഇതിന്റെ ഭാഗമായി ദീപക് ഹൂഡ, വിജയ് ശങ്കര്‍, രാഹുല്‍ ത്രിപാഠി, സാം കറന്‍, ഡെവോണ്‍ കോണ്‍വെ എന്നീ താരങ്ങളെ ടീം കൈവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ ചെന്നൈ ടീമിലെത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം താരലേലത്തിന് മുന്‍പായി രാജസ്ഥാന്‍ വനിന്ദു ഹസരങ്ക, മഹീഷ തീക്ഷണ എന്നിവരെ കൈവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കുമാറി തിരിച്ചെത്തിയ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാകും കൂടുതല്‍ ആവശ്യക്കാരുണ്ടാവുക എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.