ഐപിഎല്‍ പ്ലേ ഓഫില്‍ എലിമിനേറ്റര്‍ മത്സരം ഇന്ന് രാത്രി 7.30 ന് ആരംഭിക്കും. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തിന് ഭീഷണിയായി മഴ മുന്നറിയിപ്പ് നില്‍ക്കുന്നുണ്ട്. മഴ ഭീഷണി നിലനില്‍ക്കെ തന്നെയാണ് ഒന്നാം ക്വാളിഫയര്‍ ബുദ്ധിമുട്ടൊന്നും ഇല്ലാതെ പൂര്‍ത്തിയായത്. എലിമിനേറ്റര്‍ മത്സരവും അങ്ങനെ നടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, മഴ മത്സരം തടസപ്പെടുത്തുകയാണെങ്കില്‍ 20 ഓവര്‍ മത്സരം അഞ്ച് ഓവറാക്കി ചുരുക്കാനാണ് ആദ്യം ആലോചിക്കുക. അതും നടന്നില്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ നടത്തി വിജയികളെ തീരുമാനിക്കും. ഒരു ഓവര്‍ പോലും എറിയാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ പോയിന്റ് പട്ടികയില്‍ മുന്‍പിലുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടും. കാരണം ലഖ്‌നൗ മൂന്നാം സ്ഥാനക്കാരാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആകട്ടെ പോയിന്റ് പട്ടികയില്‍ ലഖ്‌നൗവിനേക്കാള്‍ താഴേയും. മത്സരം ഉപേക്ഷിക്കേണ്ട ഘട്ടം വന്നാല്‍ ബാംഗ്ലൂര്‍ പുറത്തായതായി പ്രഖ്യാപിക്കും.