Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തലേ നമിച്ചു'; ധോണിക്ക് മുന്‍പില്‍ ജഡേജ (വീഡിയോ)

'തലേ നമിച്ചു'; ധോണിക്ക് മുന്‍പില്‍ ജഡേജ (വീഡിയോ)
, വെള്ളി, 22 ഏപ്രില്‍ 2022 (08:21 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് മുന്നില്‍ തല കുനിച്ച് ഇപ്പോഴത്തെ നായകന്‍ രവീന്ദ്ര ജഡേജ. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയിപ്പിച്ച ധോണിക്ക് മുന്നില്‍ ആദരവ് പ്രകടിപ്പിക്കുകയായിരുന്നു ജഡേജ. 20-ാം ഓവറിലെ നാല് പന്തില്‍ 16 റണ്‍സെടുത്താണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചത്. ധോണി 13 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സ് താരം ജയ്‌ദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറും ധോണി നേടി. അവസാന പന്തില്‍ ഫോര്‍ അടിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോണി വിജയത്തിലെത്തിച്ചത്. 
 
മത്സരശേഷം കൂളായി നടന്നുവരികയായിരുന്നു ധോണി. അപ്പോഴാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജ ധോണിയെ അഭിനന്ദിക്കാനായി എത്തിയത്. ധോണിക്ക് മുന്നിലെത്തിയ ജഡേജ ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറുടെ മുന്നില്‍ തല കുനിച്ച് ആദരവ് പ്രകടിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ലാസ്റ്റ് ഓവറില്‍ സംഭവിച്ചത് 
 
അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ധോണി ക്രീസിലുണ്ട് എന്നത് തന്നെയാണ് ചെന്നൈ ആരാധകരെ ത്രില്ലടിപ്പിച്ചത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പന്തെറിഞ്ഞത് ജയ്ദേവ് ഉനദ്കട്ടും. 
 
ആദ്യ പന്തില്‍ തന്നെ പ്രത്തോറിയസിനെ ഉനദ്കട്ട് എല്‍ബിഡബ്ള്യുവിന് മുന്നില്‍ കുടുക്കി. മുംബൈ ഇന്ത്യന്‍സിന് വിജയപ്രതീക്ഷ നല്‍കിയ വിക്കറ്റ്. പക്ഷേ മറുവശത്ത് ധോണിയെന്ന ക്രിക്കറ്റ് ബ്രെയിന്‍ നില്‍ക്കുന്ന കാര്യം മുംബൈ ഒരുവേള മറന്നു. പ്രത്തോറിയസിന് ശേഷം ഡ്വെയ്ന്‍ ബ്രാവോയാണ് ക്രീസിലെത്തിയത്. അവസാന ഓവറിലെ രണ്ടാം പന്ത് സിംഗിള്‍ ഇട്ട് ബ്രാവോ ധോണിക്ക് സ്ട്രൈക് കൊടുത്തു. നാല് പന്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. 
 
ഉനദ്കട്ടിന്റെ അവസാന നാല് പന്തുകളില്‍ കളി ചെന്നൈയുടെ കയ്യിലായി. 20-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്സ് ! അടുത്ത പന്ത് ഫോര്‍ ! ഇനി ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ വെറും ആറ് റണ്‍സ്. ക്രീസില്‍ എന്തിനും തയ്യാറായി ധോണിയും. അഞ്ചാം പന്തില്‍ അതിവേഗം രണ്ട് റണ്‍സ് ഓടിയെടുത്തു. ഒടുവില്‍ ഒരു പന്തില്‍ നാല് റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ഉനദ്കട്ടിന്റെ ലോ ഫുള്‍ ടോസ് ഫൈന്‍ ലെഗില്‍ ബൗണ്ടറി കടത്തി ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന് ഈ സീസണിലെ രണ്ടാം ജയം നേടികൊടുത്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ നാണിച്ച് തല താഴ്ത്തി ! 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിന്റേജ് ധോണി !