2018ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ അംഗമായതിന് ശേഷം ടീമിന്റെ പ്രധാന താരങ്ങളിലൊരാളാണ് ഇംഗ്ലീഷ് ഓപ്പണറായ ജോസ് ബട്ട്‌ലര്‍. കഴിഞ്ഞ സീസണില്‍ നിറം മങ്ങിയെങ്കിലും അന്താരാഷ്ട്ര തലത്തില്‍ മികച്ച റെക്കോര്‍ഡുള്ള ജോസ് ബട്ട്‌ലറിനെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഒരാള്‍ക്കും തന്നെ എഴുതിതള്ളാനാകില്ല. 2024 സീസണ്‍ ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സിന് ജോസ് ബട്ട്‌ലറിന്റെ ഫോമില്ലായ്മ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ബട്ട്‌ലര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കികൊണ്ട് പിന്തുണയ്ക്കാന്‍ തന്നെയായിരിക്കും ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അങ്ങനെയെങ്കില്‍ ബട്ട്‌ലര്‍ക്ക് ഫോമിലെത്താന്‍ മുംബൈയെ പോലെ മറ്റൊരു ഓപ്ഷനില്ല.
എന്തെന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അത്രയും മികച്ച റെക്കോര്‍ഡാണ് ഐപിഎല്ലില്‍ ബട്ട്‌ലര്‍ക്കുള്ളത്. മുംബൈക്കെതിരെ ബാറ്റ് ചെയ്ത 8 ഇന്നിങ്ങ്‌സുകളില്‍ നിന്നും 485 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചുകൂട്ടിയിട്ടുള്ളത്. 152 എന്ന മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം 69 റണ്‍സ് ശരാശരിയിലാണ് മുംബൈക്കെതിരെ ബാറ്റ് ചെയ്തിട്ടുള്ളത്. 2022ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ചുറി പ്രകടനം നടത്താന്‍ ബട്ട്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്. 4 അര്‍ധസെഞ്ചുറികളും താരം മുംബൈക്കെതിരെ നേടിയിട്ടുണ്ട്.
ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെയും മികച്ച റെക്കോര്‍ഡാണ് ബട്ട്‌ലര്‍ക്കുള്ളത്. അതിനാല്‍ തന്നെ മുംബൈ ഇന്ത്യന്‍സിന് വിജയിക്കണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ബട്ട്‌ലറുടെ വിക്കറ്റ് നിര്‍ണായകമാകും.അതേസമയം ഐപിഎല്‍ 2024 സീസണില്‍ ഇതുവരെയും ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും ജോസ് ബട്ട്‌ലറും തിളങ്ങിയിട്ടില്ല. ഏതൊരു ടീമും സ്വപ്നം കാണുന്ന ഓപ്പണിംഗ് ജോഡിയായ ഈ സഖ്യം തിളങ്ങുകയാണെങ്കില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുക എന്നത് ഹാര്‍ദ്ദിക്കിന് ദുഷ്‌കരമായി മാറുമെന്നത് ഉറപ്പാണ്.