Royal Challengers Bengaluru: ആര്‍സിബിയുടെ കപ്പ് മോഹത്തിനു വന്‍ തിരിച്ചടി; ഹെയ്‌സല്‍വുഡ് തിരിച്ചെത്തില്ല !
ഐപിഎല്‍ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ഹെയ്‌സല്‍വുഡ് നാട്ടിലേക്കു മടങ്ങിയിരുന്നു.
Royal Challengers Bengaluru: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്കു നീട്ടിവെച്ച ഐപിഎല്‍ 2025 പുനരാരംഭിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു തിരിച്ചടി. ഈ സീസണില്‍ ആര്‍സിബിക്കായി ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഇനി കളിച്ചേക്കില്ല.
ഐപിഎല്‍ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ഹെയ്‌സല്‍വുഡ് നാട്ടിലേക്കു മടങ്ങിയിരുന്നു. മേയ് 16 നു മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഹെയ്‌സല്‍വുഡ് തിരിച്ചെത്തുന്ന കാര്യം സംശയമാണ്. താരത്തിനു ഐപിഎല്ലിനിടെ ഷോള്‍ഡറില്‍ പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് അവസാന മത്സരം നഷ്ടമായി. പരുക്ക് ഭേദപ്പെടാത്തതിനാല്‍ തുടര്‍ന്നുള്ള മത്സരങ്ങളും ഹെയ്‌സല്‍വുഡിനു നഷ്ടമായേക്കും.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. ഈ കളി ഹെയ്‌സല്‍വുഡിനു എന്തായാലും നഷ്ടമാകും. മാനേജ്‌മെന്റ് ആവശ്യപ്പെടുകയാണെങ്കില്‍ പ്ലേ ഓഫില്‍ കളിക്കാന്‍ വേണ്ടി മാത്രം ഹെയ്‌സല്‍വുഡ് തിരിച്ചെത്തിയേക്കാം.
നായകന്‍ രജത് പാട്ടീദാറും പരുക്കിന്റെ പിടിയിലാണ്. ഫീല്‍ഡിങ്ങിനിടെ കൈയ്ക്ക് പരുക്കേറ്റ പാട്ടീദാറിനു ചുരുങ്ങിയതു രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ് വിവരം.