ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാണ് ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്നത്. 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അവസാന പന്തിലായിരുന്നു രാജസ്ഥാന്‍ മറികടന്നത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ സെഞ്ചുറി നേടികൊണ്ട് കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്ന ജോസ് ബട്ട്‌ലറായിരുന്നു രാജസ്ഥാന്റെ വിജയശില്പി. കൊല്‍ക്കത്തയ്‌ക്കെതിരായ സെഞ്ചുറിയോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള വിദേശതാരമെന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ബട്ട്‌ലര്‍ക്കായി.
തന്റെ ഏഴാമത് ഐപിഎല്‍ സെഞ്ചുറിയാണ് ബട്ട്‌ലര്‍ ഇന്നലെ കൊല്‍ക്കത്തക്കെതിരെ നേടിയത്. 102 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 19 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ഐപിഎല്ലിലെ സെഞ്ചുറികണക്കില്‍ 8 സെഞ്ചുറികളുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി മാത്രമാണ് ബട്ട്‌ലറിന് മുന്നിലുള്ളത്. 236 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം. 52 അര്‍ധശതകങ്ങളും ഐപിഎല്ലില്‍ കോലിയുടെ പേരിലുണ്ട്.