ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫില്‍ യോഗ്യത നേടുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 12 മത്സരങ്ങളില്‍ 9 എണ്ണത്തിലും വിജയിച്ച് 18 പോയന്റുകളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. 16 പോയന്റുകളുമായി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്താണെങ്കിലും നിലവില്‍ 7 ടീമുകള്‍ക്ക് 16 പോയന്റ് സ്വന്തമാക്കാനുള്ള സാധ്യത മുന്നിലുണ്ട് എന്നതിനാല്‍ മറ്റ് ടീമുകളൊന്നും തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല.
രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ ശേഷിക്കുന്ന 3 മത്സരങ്ങളില്‍ നിന്നും ഒരു വിജയമാണ് രാജസ്ഥാന്‍ റോയല്‍സിന് ആവശ്യമുള്ളത്. നിലവിലെ ഫോമില്‍ രാജസ്ഥാന്‍ രണ്ടാമതായി തന്നെ പ്ലേ ഓഫില്‍ കയറാനാണ് സാധ്യത. ചെന്നൈ,ഹൈദരാബാദ്,ഡല്‍ഹി,ലഖ്‌നൗ,ആര്‍സിബി,ഗുജറാത്ത് ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത്. ഈ ടീമുകള്‍ക്കെല്ലാം തന്നെ 16 പോയന്റുകള്‍ സ്വന്തമാക്കാനുള്ള സാധ്യത ഇനിയും അവശേഷിക്കുന്നുണ്ട്.
നിലവില്‍ 18 പോയന്റുകളുമായി ഒന്നാമതുള്ള കൊല്‍ക്കത്തയ്ക്ക് രാജസ്ഥാന്‍ റോയല്‍സുമായും ഗുജറാത്ത് ടൈറ്റന്‍സുമായുമാണ് മത്സരങ്ങള്‍ ബാക്കിയുള്ളത്. ഇതില്‍ രണ്ടിലും വിജയിക്കാനായാല്‍ 22 പോയന്റുകളോടെ ഐപിഎല്‍ ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേടിയ ടീം എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധിക്കും.