ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഹൈദരാബാദ് സണ്‍റൈസേഴ്‌സും ഏറ്റുമുട്ടും. പോയിന്റ് ടേബിളിലെ ആദ്യ സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ വിജയിക്കുന്നവര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. ലീഗിലെ അവസാന 2 മത്സരങ്ങളും മഴ മുടക്കിയതിനെ തുടര്‍ന്ന് 14 മത്സരങ്ങളില്‍ നിന്ന് 9 വിജയങ്ങളടക്കം 20 പോയന്റുകളുമായാണ് കൊല്‍ക്കത്ത പ്ലേ ഓഫില്‍ ഒന്നാം സ്ഥാനക്കാരായി എത്തിയത്.
മഴ മുടക്കുന്നതിന് മുന്‍പ് കളിച്ച നാല് മത്സരങ്ങളിലും വിജയം നേടാനായെങ്കിലും മഴ ടീമിന്റെ മൊമന്റം തകര്‍ക്കുമോ എന്ന ആശങ്കയിലാണ് കൊല്‍ക്കത്ത ആരാധകര്‍. കരുത്തുറ്റ ബാറ്റിംഗ് ബൗളിംഗ് നിരയുണ്ടെങ്കിലും ഓപ്പണിംഗില്‍ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടിന്റെ അസാന്നിധ്യം കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകും. സുനില്‍ നരെയ്‌ന്റെ വെടിക്കെട്ട് തുടക്കം തന്നെയാകും കൊല്‍ക്കത്തയ്ക്ക് നിര്‍ണായകമാവുക. ഫില്‍ സാള്‍ട്ടിന് പകരം അഫ്ഗാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസാകും കൊല്‍ക്കത്തയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുക.
വെങ്കിടേഷ് അയ്യര്‍,നിതീഷ് റാണ,ആന്ദ്രേ റസല്‍,റിങ്കു സിംഗ് എന്നിവരടങ്ങിയ കൊല്‍ക്കത്തയുടെ മധ്യനിര ശക്തമാണ്. സ്പിന്‍ നിരയില്‍ സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും മികച്ച പ്രകടനമാണ് നടത്തുന്നത്. അതേസമയം സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമാണ് ഹൈദരാബാദിന്റെ കരുത്ത്. ട്രാവിസ് ഹെഡിനെയും അഭിഷേകിനെയും പിടിച്ചുകെട്ടാനായില്ലെങ്കില്‍ മത്സരം കൊല്‍ക്കത്ത കൈവിടും. ഹെന്റിച്ച് ക്ലാസനും, നിതീഷ് കുമാറുമെല്ലാം മധ്യനിരയില്‍ ഹൈദരാബാദിന് കരുത്താണ്. ബൗളിംഗ് നിരയില്‍ ടി നടരാജന്‍ മാത്രമാണ് ഹൈദരാബാദില്‍ സ്ഥിരത പുലര്‍ത്തുന്നത്. സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു വിജയം.