Publish Date: Sun, 23 Apr 2023 (08:52 IST)
Updated Date: Sun, 23 Apr 2023 (08:42 IST)
ഐപിഎൽ പതിനാറാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ലഖ്നൗ നായകൻ കെ എൽ രാഹുൽ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 135 റൺസാണ് 20 ഓവറിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് 20 ഓവറിൽ 128 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ലഖ്നൗവിനായി ഓപ്പണർമാരായ കെ എൽ രാഹുലും കെയ്ൽ മെയേഴ്സും മികച്ച തുടക്കമാണ് നൽകിയത്. 61 പന്തിൽ നിന്നും 68 റൺസെടുത്ത നായകൻ കെ എൽ രാഹുൽ മത്സരത്തിൻ്റെ അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. ആദ്യ ഓവർ മുതൽ ബാറ്റ് ചെയ്തിട്ടും താരതമ്യേന ചെറിയ സ്കോർ മറികടന്ന് മത്സരം ജയിപ്പിക്കാൻ കെ എൽ രാഹുലിനായില്ല. ഇതേ പറ്റിയുള്ള ചോദ്യത്തിന് താരം മറുപടി നൽകിയത് ഇങ്ങനെ.
എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, എങ്ങനെ ഇത് സംഭവിച്ചു എന്നും അറിയില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്തെങ്കിലും ചെയ്യാനാകുന്നതിന് മുൻപ് മത്സരം കൈവിട്ടുപോയി. മികച്ച തുടക്കമാണ് ടീമിന് ലഭിച്ചട്ത്. എന്നാൽ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മറുപടി പറയാനാകില്ല. കെ എൽ രാഹുൽ പറഞ്ഞു.