ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോലിയെ കാത്തിരിക്കുന്നത് ഇന്ത്യന്‍ താരങ്ങളില്‍ മറ്റാര്‍ക്കും തന്നെ നേടാനാകാത്ത റെക്കോര്‍ഡ്. മുംബൈ ഇന്ത്യന്‍സിനെതിരെ 17 റണ്‍സ് സ്വന്തമാക്കാനായാല്‍ ടി20 ക്രിക്കറ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടം കോലിയ്ക്ക് സ്വന്തമാകും. ഐപിഎല്ലിലും ഇന്ത്യന്‍ ദേശീയ ടീമിനുമായി കളിച്ച മത്സരങ്ങളില്‍ നിന്നും 12,983 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.
14,562 ടി20 റണ്‍സുകളുള്ള വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലിനാണ് ടി20 ഫോര്‍മാറ്റില്‍ ഏറ്റവും റണ്‍സുകളുള്ളത്. അലക്‌സ് ഹെയ്ല്‍സ്(13,610), ഷുഹൈബ് മാലിക്(13,557), കെയ്‌റോണ്‍ പൊള്ളാര്‍ഡ്(13,537) എന്നിവരാണ് കോലിയ്ക്ക് മുന്‍പായി 13,000 ടി20 റണ്‍സ് എന്ന നാഴികകല്ല് പിന്നിട്ടിട്ടുള്ളത്. സീസണില്‍ ഇതുവരെ 3 കളികളില്‍ നിന്നും 97 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.