ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംസ്ഗിനെതിരായ ആവേശകരമായ മത്സരത്തില്‍ ആര്‍സിബിക്ക് തകര്‍പ്പന്‍ വിജയം. പ്ലേ ഓഫില്‍ പ്രവേശനം നേടാന്‍ ചെന്നൈയെ 18 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പ്പിച്ചേ മതിയാകു എന്ന സാഹചര്യത്തിലാണ് ബെംഗളുരു മത്സരത്തിനിറങ്ങിയത്. ആദ്യ ഓവറുകളില്‍ പെയ്ത മഴയെ തുടര്‍ന്ന് ബാറ്റിംഗ് ദുഷ്‌കരമായെങ്കിലും 218 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിക്കാന്‍ ആര്‍സിബിക്ക് കഴിഞ്ഞു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അവസാന ഓവറില്‍ 17 റണ്‍സ് നേടിയാല്‍ ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍ യാഷ് ദയാലെറിഞ്ഞ ഓവറില്‍ 7 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്.
മത്സരത്തില്‍ 13 പന്തില്‍ 25 റണ്‍സുമായി ധോനി ചെന്നൈക്കായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. അതേസമയം ടൂര്‍ണമെന്റില്‍ നിന്നും ഏകദേശം പുറത്തായ സാഹചര്യത്തില്‍ നിന്നും തിരിച്ചുവന്ന ആര്‍സിബിയുടെ വിജയം നിറഞ്ഞ കണ്ണുകളുമായാണ് കോലി ആഘോഷമാക്കിയത്. ലീഗ് മത്സരങ്ങളിലെ ആദ്യ 8 കളികളില്‍ ഏഴെണ്ണത്തിലും പരാജയപ്പെട്ടതിന് ശേഷമായിരുന്നു ആര്‍സിബിയുടെ തിരിച്ചുവരവ്. കോലി നിറഞ്ഞ കണ്ണുകളോടെ വിജയം വൈകാരികമായി ആഘോഷിച്ചപ്പോള്‍ മറ്റൊരു ഭാഗത്ത് നിശബ്ദതയില്‍ മറഞ്ഞുപോവുകയായിരുന്നു എം എസ് ധോനി ചെയ്തത്.
അടുത്ത ഐപിഎല്ലില്‍ ധോനി കളിക്കുമോ എന്നത് ഉറപ്പില്ല എന്നതിനാല്‍ തന്നെ ക്രിക്കറ്റ് ആരാധകരെ നോവിപ്പിക്കുന്നതായിരുന്നു നിശബ്ദമായുള്ള ധോനിയുടെ ഈ മടക്കം. സാധാരണയായി മത്സരശേഷം എതിര്‍ടീമിലെ കളിക്കാരുമായി നിമിഷങ്ങള്‍ പങ്കുവെയ്ക്കാറുള്ള ധോനി പവലിയനിലേക്ക് നിശബ്ദമായി പോകുന്ന കാഴ്ച ഐപിഎല്ലിന്റെ തന്നെ നോവുള്ള കാഴ്ചയായി മാറി. അതേസമയം ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവാണ് ഈ സീസണില്‍ ആര്‍സിബി നടത്തിയത്. അതിനാല്‍ തന്നെ നേരം പുലരുവോളം ബാംഗ്ലൂര്‍ ആഘോഷലഹരിയിലായിരുന്നു.