ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കളിക്കുന്ന മത്സരങ്ങളില്‍ അമ്പയര്‍മാര്‍ വഴിവിട്ട് സഹായിക്കുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നു. നേരത്തെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ടോസ് സമയത്ത് മാച്ച് റഫറി ടോസില്‍ കള്ളത്തരം കാണിച്ചതായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ അമ്പയര്‍മാരുടെ പല തീരുമാനങ്ങളും മുംബൈയ്ക്ക് അനുകൂലമായിരുന്നു. വലിയ വിമര്‍ശനമാണ് ഇതിനെതിരെ അന്ന് സമൂഹമാധ്യമങ്ങളില്‍ നിന്നുണ്ടായത്.
ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 9 റണ്‍സിന്റെ നാടകീയമായ വിജയമായിരുന്നു മുംബൈ നേടിയത്. 14 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ സ്ഥിതിയില്‍ നിന്നാണ് അശുതോഷ് ശര്‍മയും ശശാങ്ക് സിംഗും ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിനടുത്ത് വരെയെത്തിച്ചത്. 193 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിനാണ് പുറത്തായത്. ഈ മത്സരത്തിലും തേര്‍ഡ് അമ്പയറുടെ പല തീരുമാനങ്ങള്‍ക്കുമെതിരെ വിമര്‍ശനമുയരുന്നുണ്ട്.
കഗിസോ റബാഡയുടെ ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നല്‍കാത്തതാണ് ഒരു വിവാദത്തിന് പിന്നില്‍. മത്സരത്തിന്റെ പതിനാറാം ഓവറിലായിരുന്നു ഈ സംഭവം. സൂര്യകുമാര്‍ യാദവിന്റെ പാഡില്‍ തട്ടിയ പന്ത് സൂര്യ റിവ്യൂ ചെയ്തിരുന്നു. തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ പന്ത് സ്റ്റമ്പില്‍ കൊള്ളാതെ കടന്നുപോകുന്നതായാണ് കണ്ടത്. എന്നാല്‍ പന്തിന്റെ ദിശ ലെഗ് സ്റ്റമ്പിന്റെ മുകളില്‍ തട്ടുന്ന പോലെയായിരുന്നു. എന്നാല്‍ നോട്ടൗട്ട് വിളിക്കാനായിരുന്നു അമ്പയറുടെ നിര്‍ദേശം. ഇതുപോലെ പഞ്ചാബ് ബാറ്റ് ചെയ്യുന്ന സമയത്ത് നിര്‍ണായകമായ ഒരു വൈഡ് കോളും അമ്പയര്‍ നിരസിച്ചു. എന്നാല്‍ സമാനമായ ഒരു പന്തിന് മുംബൈ ബാറ്റ് ചെയ്യുമ്പോള്‍ അമ്പയര്‍ വൈഡ് അനുവദിക്കുകയും ചെയ്തിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം അമ്പയര്‍ ഇന്ത്യന്‍സുമുള്ളപ്പോള്‍ അവരെ തോല്‍പ്പിക്കുന്നത് എളുപ്പമല്ലെന്നാണ് ഈ സംഭവങ്ങളെ വിമര്‍ശിച്ചുകൊണ്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.