ഐപിഎല്‍ പ്ലേ ഓഫ് ലൈനപ്പ് ഏറെക്കുറെ വ്യക്തമായി. ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പ്ലേ ഓഫിലേക്ക്. നാലാം ടീമായി പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ ഇനി നേരിയ സാധ്യതയെങ്കിലും ഉള്ളത് മുംബൈ ഇന്ത്യന്‍സിനാണ്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സിന് കൊല്‍ക്കത്തയെ പിന്നിലാക്കി പ്ലേ ഓഫിലേക്ക് കയറാന്‍ സാധിക്കൂ.
കണക്കുകള്‍ നോക്കുമ്പോള്‍ മുംബൈയുടെ സാധ്യതകള്‍ വളരെ വിദൂരമാണ്. ഇന്ന് സണ്‍റൈസേഴ്‌സിനെ 171 റണ്‍സിനെങ്കിലും തോല്‍പ്പിച്ചാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയെ മറികടക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിക്കൂ. അതായത് ആദ്യം ബാറ്റ് ചെയ്ത് 200 കൂടുതല്‍ ടീം ടോട്ടലിലേക്ക് എത്തുകയും രണ്ടാമത് ബാറ്റ് ചെയ്യുന്ന ഹൈദരബാദിനെ 171 റണ്‍സിന് തോല്‍പ്പിക്കുകയും വേണം. അതേസമയം, മുംബൈ രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുകയാണെങ്കില്‍ പോലും നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയെ മറികടക്കാന്‍ സാധിക്കില്ല. പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നീ ടീമുകള്‍ പ്ലേ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞു.