Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എക്‌സ്പീരിയന്‍സ് ഉണ്ടായിട്ട് കാര്യമില്ല, ബുദ്ധിയും വേണം'; പഞ്ചാബിന്റെ തോല്‍വിക്ക് താരണം ധവാന്റെ ക്യാപ്റ്റന്‍സിയെന്ന് ആരാധകര്‍

ബെംഗളൂരുവിന് 12 ബോളില്‍ 23 റണ്‍സ് ജയിക്കാന്‍ വേണ്ട സമയത്താണ് ധവാന്‍ ഹര്‍ഷല്‍ പട്ടേലിനെ 19-ാം ഓവര്‍ എറിയാന്‍ വിളിക്കുന്നത്

Shikhar Dhawan

രേണുക വേണു

, ചൊവ്വ, 26 മാര്‍ച്ച് 2024 (11:37 IST)
Shikhar Dhawan

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് പരാജയപ്പെട്ടതിനു പ്രധാന കാരണം ശിഖര്‍ ധവാനെന്ന് ആരാധകര്‍. പഞ്ചാബ് നായകനായ ധവാന്‍ വിവേകശൂന്യമായ തീരുമാനങ്ങളാണ് ബൗളിങ് ചെയ്ഞ്ചില്‍ എടുത്തതെന്നും അതാണ് തോല്‍വിക്ക് പ്രധാന കാരണമെന്നും പഞ്ചാബ് ആരാധകര്‍ അടക്കം കുറ്റപ്പെടുത്തുന്നു. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ നാല് പന്തുകള്‍ ശേഷിക്കെയാണ് ആര്‍സിബി ജയിച്ചത്. 
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ ആര്‍സിബി വിജയം സ്വന്തമാക്കി. അര്‍ധ സെഞ്ചുറി നേടി ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിരാട് കോലിയാണ് കളിയിലെ താരം. ഒരു വശത്ത് കോലി ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും മറുവശത്ത് ആര്‍സിബിയുടെ പ്രധാന വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണു. കോലി കൂടി പുറത്തായതോടെ പഞ്ചാബ് വിജയ സാധ്യത മുന്നില്‍ കണ്ടതാണ്. എന്നാല്‍ ദിനേശ് കാര്‍ത്തിക് (10 പന്തില്‍ പുറത്താകാതെ 28), മഹിപാല്‍ ലോംറര്‍ (എട്ട് പന്തില്‍ പുറത്താകാതെ 17) എന്നിവരുടെ വെടിക്കെട്ട് ഫിനിഷിങ് ആര്‍സിബിക്ക് ജയം സമ്മാനിച്ചു. 280 സ്ട്രെക്ക് റേറ്റില്‍ മൂന്ന് ഫോറും രണ്ട് സിക്സുമാണ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വിരാട് കോലി 49 പന്തില്‍ 11 ഫോറും രണ്ട് സിക്സും സഹിതം 77 റണ്‍സ് നേടിയാണ് പുറത്തായത്. 
 
ബെംഗളൂരുവിന് 12 ബോളില്‍ 23 റണ്‍സ് ജയിക്കാന്‍ വേണ്ട സമയത്താണ് ധവാന്‍ ഹര്‍ഷല്‍ പട്ടേലിനെ 19-ാം ഓവര്‍ എറിയാന്‍ വിളിക്കുന്നത്. ഈ ഓവറില്‍ ഒരു സിക്‌സും ഒരു ഫോറും സഹിതം ബെംഗളൂരു അടിച്ചെടുത്തത് 13 റണ്‍സ്. നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഹര്‍ഷല്‍ വഴങ്ങിയത് 45 റണ്‍സ് ! സാം കറാന് ഒരു ഓവര്‍ ശേഷിക്കെയാണ് ഡെത്ത് ഓവര്‍ എറിയാന്‍ ധവാന്‍ ഹര്‍ഷല്‍ പട്ടേലിനെ വിളിച്ചത്. ഈ തീരുമാനത്തെ ആനമണ്ടത്തരം എന്നാണ് പഞ്ചാബ് ആരാധകര്‍ അടക്കം വിശേഷിപ്പിക്കുന്നത്. 
 
ആദ്യ ഓവറില്‍ കോലിയില്‍ നിന്ന് നാല് ഫോര്‍ വഴങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് ഓവര്‍ വളരെ മികച്ച രീതിയിലാണ് സാം കറാന്‍ എറിഞ്ഞത്. മൂന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് കറാന്‍ വീഴ്ത്തിയിരുന്നു. സ്ലോവറുകള്‍ അടക്കം നല്ല വേരിയേഷനില്‍ പന്തെറിയാന്‍ കഴിയുന്ന സാം കറാനെ നിര്‍ത്തി ഹര്‍ഷലിന് 19-ാം ഓവര്‍ കൊടുത്തത് ശരിയായില്ലെന്നാണ് വിമര്‍ശനം. മാത്രമല്ല പഞ്ചാബിന്റെ സ്റ്റാര്‍ പേസര്‍ കഗിസോ റബാഡയുടെ നാല് ഓവറുകളും ഡെത്ത് ഓവറിനു മുന്‍പ് ധവാന്‍ തീര്‍ത്തു. ഹര്‍ഷല്‍ പട്ടേലിനെ മുന്നില്‍ കണ്ട് റബാഡയുടെ നാല് ഓവര്‍ ക്വാട്ട നേരത്തെ തീര്‍ത്തത് എന്ത് തന്ത്രമാണെന്ന് ആരാധകര്‍ ചോദിക്കുന്നു. റബാഡയുടെ ഒരോവര്‍ എങ്കിലും അവസാനത്തേക്ക് വെച്ചിരുന്നെങ്കില്‍ കളി പഞ്ചാബ് ജയിക്കുകമായിരുന്നെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dinesh Karthik: 'ഇതൊക്കെ കണ്ട് അടുത്ത ലോകകപ്പ് ടീമില്‍ എടുക്കരുത്'; കൈയടിക്കൊപ്പം ദിനേശ് കാര്‍ത്തിക്കിനെ ട്രോളിയും ആരാധകര്‍ !