ഐപിഎല്‍ താരലേലത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോള്‍ 5 താരങ്ങളെയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ യുവനിരയാല്‍ സമ്പന്നമായ നിരയില്‍ ബാറ്റര്‍മാരായി അഞ്ച് താരങ്ങളുള്ളപ്പോള്‍ ബൗളിംഗ് നിരയില്‍ സന്ദീപ് ശര്‍മയെ മാത്രമായിരുന്നു ടീം നിലനിര്‍ത്തിയത്. താരലേലത്തില്‍ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറിനെ 12.50 കോടി കൊടുത്ത് വാങ്ങിയപ്പോള്‍ സ്പിന്നര്‍മാരായി വാനിന്ദു ഹസരംഗ(5.25 കോടി), മഹീഷ തീക്ഷണ(4.40 കോടി) എനിവരെയും രാജസ്ഥാന്‍ ടീമിലെത്തിച്ചു. ഇതില്‍ വാനിന്ദു ഹസരംഗയെ സ്വന്തമാക്കിയ രാജസ്ഥാന്റെ തീരുമാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ശ്രീലങ്കന്‍ സ്പിന്നര്‍ക്കെതിരെ ഇന്ത്യന്‍ ജേഴ്‌സിയിലും രാജസ്ഥാന്‍ ജേഴ്‌സിയിലും ദയനീയമായ റെക്കോര്‍ഡാണ് രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണുള്ളത്. ടി20യില്‍ 8 ഇന്നിങ്ങ്‌സുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അതില്‍ 6 തവണയും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരംഗയ്ക്ക് സാധിച്ചിരുന്നു. 6.66 മാത്രമാണ് ഹസരംഗയ്‌ക്കെതിരെ സഞ്ജുവിന്റെ ശരാശരി. ഹസരംഗയ്‌ക്കെതിരെ 43 പന്തുകളില്‍ 40 റണ്‍സ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. ഇതില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നു.
ഇതോടെ ഇനി ഹസരംഗ ഞങ്ങളെ സഞ്ജുവിനെ പുറത്താക്കുന്നത് ഒന്ന് കാണണമെന്നും സഞ്ജു ഇനി ഹസരംഗയെ നെറ്റ്‌സില്‍ നേരിട്ട് പഠിക്കുമെന്നുമെല്ലാം ആരാധകര്‍ പറയുന്നു. ഞങ്ങളെ ക്യാപ്റ്റനെ തൊടുന്നോടാ.. ഇനി സഞ്ജുവിന്റെ കീഴില്‍ കളിച്ചാല്‍ മതിയെന്നും സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് രക്ഷിച്ചെന്നും പറയുന്നവര്‍ ഏറെയാണ്. താരലേലത്തിന്റെ രണ്ടാം ദിവസം 17.35 കോടിയാണ് രാജസ്ഥാന്റെ പേഴ്‌സിലുള്ളത്. നാല് വിദേശതാരങ്ങള്‍ ഉള്‍പ്പടെ ഇനിയും 14 പേരെ സ്വന്തമാക്കാന്‍ രാജസ്ഥാന് ഇനിയും അവസരമുണ്ട്.