Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്
ഈ സീസണില്‍ രാജസ്ഥാന്റെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായി
Rajasthan Royals: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനു പ്ലേ ഓഫ് സാധ്യതകള്‍ വിദൂരമാണ്. നിലവിലെ സാഹചര്യത്തില്‍ പ്ലേ ഓഫില്‍ കയറാന്‍ പത്ത് ശതമാനം പോലും സാധ്യതയില്ലാത്ത ടീമാണ് രാജസ്ഥാന്‍.
ഈ സീസണില്‍ രാജസ്ഥാന്റെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇതില്‍ മൂന്ന് കളികള്‍ ജയിച്ചപ്പോള്‍ ഏഴിലും തോറ്റു. ആറ് പോയിന്റുള്ള രാജസ്ഥാന്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്.
ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയിച്ചാലും രാജസ്ഥാനു 14 പോയിന്റ് മാത്രമേ ആകൂ. 10 കളികളില്‍ നിന്ന് 14 പോയിന്റോടെ പ്ലേ ഓഫിനോടു ഏറ്റവും അടുത്തു നില്‍ക്കുന്ന ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. ശേഷിക്കുന്ന നാല് കളികളില്‍ ഒരു ജയം മതി ആര്‍സിബിക്ക് രാജസ്ഥാന്‍ നേടാന്‍ സാധ്യതയുള്ള പരമാവധി പോയിന്റായ 14 മറികടക്കാന്‍.
ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്ക് ഒന്‍പത് കളികളില്‍ നിന്ന് 12 പോയിന്റുണ്ട്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രം മതി ഈ ടീമുകള്‍ക്ക് രാജസ്ഥാന്റെ പരമാവധി പോയിന്റായ 14 മറികടക്കാന്‍. 10 കളികളില്‍ നിന്ന് 12 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സിനാകട്ടെ ശേഷിക്കുന്ന നാലില്‍ രണ്ടെണ്ണം ജയിച്ചാല്‍ രാജസ്ഥാന്റെ പരമാവധി പോയിന്റ് മറികടക്കാം. പോയിന്റ് ടേബിളില്‍ ഏഴാമത് നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു പോലും അവരുടെ ശേഷിക്കുന്ന അഞ്ച് കളികളില്‍ നാല് ജയം ലഭിച്ചാല്‍ രാജസ്ഥാന്റെ പരമാവധി പോയിന്റിനേക്കാള്‍ ഒരു പോയിന്റ് അധികം നേടാനുള്ള സാധ്യത നിലനില്‍ക്കുന്നു.