Rajasthan Royals,IPL 2024
ഐപിഎല്ലിലെ ആദ്യ മത്സരം വിജയിച്ചു തുടങ്ങി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ 173 റണ്‍സ് മാത്രമെ നേടാനായുള്ളു. അര്‍ധസെഞ്ചുറികളുമായി ലഖ്‌നൗ നായകനായ കെ എല്‍ രാഹുലും നിക്കോളാസ് പൂരനും പൊരുതിയെങ്കിലും ലഖ്‌നൗ പരാജയപ്പെടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍ (82*), റിയാന്‍ പരാഗ്(43) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ 193 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം ദയനീയമായിരുന്നു. ടീം സ്‌കോര്‍ 11 റണ്‍സെത്തുന്നതിനിടെ ലഖ്‌നൗവിന് 3 വിക്കറ്റുകള്‍ നഷ്ടമായി. 60 റണ്‍സിന് 4 വിക്കറ്റെന്ന നിലയിലായിരുന്ന ലഖ്‌നൗവിനെ കെ എല്‍ രാഹുലും നിക്കോളാസ് പുറനും ചേര്‍ന്നുള്ള കൂട്ടുക്കെട്ടാണ് വിജയപ്രതീക്ഷ നല്‍കിയത്. ഒരു ഘട്ടത്തില്‍ മത്സരത്തില്‍ ലഖ്‌നൗവിന് ആധിപത്യമുണ്ടായിരുന്നുവെങ്കിലും കെ എല്‍ രാഹുലിനെ(58) പുറത്താക്കികൊണ്ട് സന്ദീപ് ശര്‍മ മത്സരം രാജസ്ഥാന് അനുകൂലമാക്കി.
ഡെത്ത് ഓവറുകളില്‍ സന്ദീപ് ശര്‍മയെ കരുതിയെച്ച സഞ്ജു സാംസണ്‍ അവസാന ഓവറുകളില്‍ അശ്വിനെയും ചഹലിനെയും കൊണ്ടുവന്നു റണ്ണൊഴുക്ക് തടയുകയും ചെയ്തതോടെ ലഖ്‌നൗ പ്രതിസന്ധിയിലായി. നിര്‍ണായകമായ പത്തൊമ്പതാം ഓവറുകളില്‍ സന്ദീപ് ശര്‍മ വരിഞ്ഞു മുറുക്കിയതോടെ അവസാന ഓവറില്‍ 27 റണ്‍സാണ് ലഖ്‌നൗവിന് വിജയിക്കാനായി വേണ്ടിയിരുന്നത്. ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വൈഡായെങ്കിലും പിന്നീട് 2 പന്തുകള്‍ ഡോട്ട് ബോളുകളായതോടെ രാജസ്ഥാന്‍ വിജയം ഉറപ്പിച്ചു. തുടര്‍ന്നുള്ള പന്തുകളില്‍ നിന്നും 4 റണ്‍സ് മാത്രം നേടാനെ ലഖ്‌നൗ ബാറ്റര്‍മാര്‍ക്കായുള്ളു. 41 പന്തില്‍ 64 റണ്‍സുമായി തിളങ്ങിയ നിക്കോളാസ് പൂരനാണ് ലഖ്‌നൗ നിരയിലെ ടോപ് സ്‌കോറര്‍.