Rajasthan Royals: ഈ സീസണിലെ ബെസ്റ്റ് ചോക്കേഴ്‌സ് രാജസ്ഥാന്‍ തന്നെ; ജയം ഉറപ്പിച്ച മത്സരത്തില്‍ തോല്‍വി
17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന നിലയില്‍ എത്തിയ ശേഷമാണ് രാജസ്ഥാന്റെ തോല്‍വി
Rajasthan Royals: ജയം ഉറപ്പിച്ച മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു രണ്ട് റണ്‍സ് തോല്‍വി. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാനു 20 ഓവറില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന നിലയില്‍ എത്തിയ ശേഷമാണ് രാജസ്ഥാന്റെ തോല്‍വി. 17 പന്തില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ വെറും 25 റണ്‍സെടുത്താല്‍ ജയിക്കുമെന്ന അവസ്ഥയില്‍ എത്തിയ ശേഷമാണ് രാജസ്ഥാന്‍ പടിക്കല്‍ കലമുടച്ചത്.
യശസ്വി ജയ്‌സ്വാള്‍ 52 പന്തില്‍ 74 റണ്‍സെടുത്ത് രാജസ്ഥാനു മികച്ച തുടക്കം നല്‍കിയതാണ്. അരങ്ങേറ്റം കുറിച്ച 14 കാരന്‍ വൈഭവ് സൂര്യവന്‍ശി 20 പന്തില്‍ 34 റണ്‍സെടുത്ത് തിളങ്ങി. റിയാന്‍ പരാഗ് 26 പന്തില്‍ 39 റണ്‍സെടുത്തു.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ആവേശ് ഖാന്‍ എറിഞ്ഞ അവസാന രണ്ട് ഓവറുകളാണ് രാജസ്ഥാനു പണിയായത്. തന്റെ മൂന്നാം ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും നാലാം ഓവറില്‍ ആറ് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും ആവേശ് ഖാന്‍ വീഴ്ത്തി.
എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് തോല്‍വിയോടെ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. എട്ട് കളികളില്‍ അഞ്ച് ജയത്തോടെ ലഖ്‌നൗ നാലാം സ്ഥാനത്താണ്.