ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ പവര്‍പ്ലേയില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയിലേക്ക് അടിതെറ്റി വീണ് ആര്‍സിബി. 117-6 എന്ന നിലയിലേക്ക് വീണെങ്കിലും 4 വിക്കറ്റിന്റെ ആശ്വസജയം നേടാന്‍ ടീമിനായി. ഗുജറാത്ത് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറിലാണ് ആര്‍സിബി നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിനായി ജോഷ് ലിറ്റില്‍ നാല് വിക്കറ്റെടുത്തെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. മത്സരം 13.4 ഓവറില്‍ അവസാനിപ്പിക്കാന്‍ സാധിച്ചതോടെ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ആര്‍സിബി പത്താം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. 8 പോയന്റുകള്‍ തന്നെയുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഒമ്പതാം സ്ഥാനത്തായി.
ആര്‍സിബിക്കായി ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും തകര്‍പ്പന്‍ പ്രകടനനങ്ങളാണ് നടത്തിയത്. 18 പന്തില്‍ 50 തികച്ച ഫാഫ് 23 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം 64 റണ്‍സെടുത്താണ് പുറത്തായത്. ഫാഫിന് പിന്നാലെ ഒരു റണ്‍സുമായി വില്‍ ജാക്‌സും മടങ്ങി. 2 റണ്‍സുമായി രജത് പാട്ടീധാറും 4 റണ്‍സുമായി മാക്‌സ്വെല്ലും 2 റണ്‍സുമായി കാമറൂണ്‍ ഗ്രീനും മടങ്ങിയത് അതിശയത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഫാഫ് പുറത്താകുമ്പോള്‍ അനായാസവിജയമാകും ആര്‍സിബി സ്വന്തമാക്കുക എന്ന് കരുതിയ ഇടത്ത് നിന്നും ടീം നേരിട്ടത് കൂട്ടത്തകര്‍ച്ച.
വിക്കറ്റുകള്‍ തുടരെ പോയതോടെ സമ്മര്‍ദ്ദത്തിലായ കോലി 27 പന്തില്‍ 42 റണ്‍സുമായി നൂര്‍ അഹമ്മദിന് തന്റെ വിക്കറ്റ് വീണു. ഇതോടെ 92-0 എന്ന നിലയിലായിരുന്ന സ്‌കോര്‍ 116-6 എന്ന നിലയിലേക്കെത്തി. ഇനിയൊരു വിക്കറ്റ് വീണാല്‍ തോല്‍വി എന്ന നിലയില്‍ നിന്ന ആര്‍സിബിയെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തികാണ് വിജയത്തിലെത്തിച്ചത്. സ്പിന്നര്‍ സ്വപ്നില്‍ സിംഗുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ കാര്‍ത്തിക് 12 പന്തില്‍ 21 റണ്‍സ് നേടി. 9 പന്തില്‍ 15 റണ്‍സുമായി സ്വപ്നിലും തിളങ്ങിയതോടെ ആര്‍സിബി വിജയം സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 19.3 ഓവറില്‍ 147ന് പുറത്താകുകയായിരുന്നു. ഷാരൂഖ് ഖാന്‍(37),ഡേവിഡ് മില്ലര്‍(30),രാഹുല്‍ തെവാട്ടിയ(35) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്.