Select Your Language

Notifications

webdunia
webdunia
webdunia
webdunia

RCB vs KKR: 'പെര്‍ഫക്ട് വിക്ടറി'; ഇത്തവണ ആര്‍സിബി രണ്ടും കല്‍പ്പിച്ച്, വീഴ്ത്തിയത് നിലവിലെ ചാംപ്യന്‍മാരെ

കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 കടക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ബെംഗളൂരു ബൗളര്‍മാര്‍ നടത്തിയ അസാധ്യ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്

Virat Kohli and Phil Salt (RCB)

രേണുക വേണു

, ഞായര്‍, 23 മാര്‍ച്ച് 2025 (06:45 IST)
Virat Kohli and Phil Salt (RCB)

RCB vs KKR: ഐപിഎല്‍ 2025 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് നേടാന്‍ സാധിച്ചത് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റും 22 പന്തും ശേഷിക്കെ ബെംഗളൂരു ലക്ഷ്യം കണ്ടു. 
 
ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് (31 പന്തില്‍ 56), വിരാട് കോലി (36 പന്തില്‍ പുറത്താകാതെ 59) അര്‍ധ സെഞ്ചുറി നേടി ബെംഗളൂരുവിന്റെ ജയം ഏകപക്ഷീയമാക്കി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സാണ് ആര്‍സിബി അടിച്ചുകൂട്ടിയത്. നായകന്‍ രജത് പാട്ടീദര്‍ (16 പന്തില്‍ 34), ലിയാം ലിവിങ്സ്റ്റണ്‍ (അഞ്ച് പന്തില്‍ പുറത്താകാതെ 15) എന്നിവരും ആര്‍സിബിക്കായി തിളങ്ങി. 
 
കൊല്‍ക്കത്തയുടെ സ്‌കോര്‍ 200 കടക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ബെംഗളൂരു ബൗളര്‍മാര്‍ നടത്തിയ അസാധ്യ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടിയ കൊല്‍ക്കത്തയ്ക്ക് അവസാന പത്ത് ഓവറില്‍ നേടാന്‍ സാധിച്ചത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് മാത്രം. നാല് ഓവറില്‍ വെറും 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് ആര്‍സിബി ബൗളിങ് നിരയില്‍ ഞെട്ടിച്ചതും കളിയിലെ താരമായതും. കൊല്‍ക്കത്തയുടെ നായകനും ടോപ് സ്‌കോററുമായ അജിങ്ക്യ രഹാനെ (31 പന്തില്‍ 56), വെടിക്കെട്ട് ബാറ്റര്‍മാരായ വെങ്കടേഷ് അയ്യര്‍ (ഏഴ് പന്തില്‍ ആറ്), റിങ്കു സിങ് (10 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകള്‍ ക്രുണാലിനാണ്. അതില്‍ വെങ്കടേഷിനെയും റിങ്കുവിനെയും ബൗള്‍ഡ് ആക്കുകയായിരുന്നു. 7.20 ഇക്കോണമിയിലാണ് ക്രുണാല്‍ നാല് ഓവര്‍ എറിഞ്ഞു തീര്‍ത്തത്. ജോഷ് ഹെയ്‌സല്‍വുഡ് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. യാഷ് ദയാല്‍, റാഷിക് സലാം, സുയാഷ് ശര്‍മ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ 26 പന്തില്‍ 44 റണ്‍സും അങ്ക്ക്രിഷ് രഘുവന്‍ശി 22 പന്തില്‍ 30 റണ്‍സും നേടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍