Publish Date: Tue, 03 Jun 2025 (16:39 IST)
Updated Date: Tue, 03 Jun 2025 (16:24 IST)
RCB vs PBKS IPL Final 2025
ഐപിഎല്ലില്‍ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസിയായിട്ടും സൂപ്പര്‍ താരങ്ങളായ വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ തുടങ്ങിയവര്‍ പരിശ്രമിച്ചിട്ടും ഇതുവരെയും കപ്പ് സ്വന്തമാക്കാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. എക്കാലത്തും ശക്തമായ ബാറ്റിംഗ് നിരയാണ് ആര്‍സിബിക്ക് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ബൗളിങ്ങില്‍ ശരാശരിയും. 2025ലെ ഐപിഎല്ലിലെ താരലേലത്തില്‍ ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും ഈ അന്തരം ഇല്ലാതെയാക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. അത് പൂര്‍ണ്ണമായും വിജയിച്ചു എന്നതാണ് ഐപിഎല്ലിലെ ആര്‍സിബിയുടെ ഈ സീസണിലെ പ്രകടനം തെളിയിക്കുന്നത്.
ബാറ്റിങ്ങില്‍ ഫില്‍ സാള്‍ട്ടും വിരാട് കോലിയും മികച്ച പ്രകടനമാണ് ആര്‍സിബിക്കായി നടത്തുന്നത്. പിന്നാലെ എത്തുന്ന നായകന്‍ രജത് പാട്ടീധാര്‍ തന്റെ സ്ഥിരം ഫോമിലല്ലെങ്കിലും ഏത് ബൗളിംഗ് നിരയ്ക്കും അപകടകാരിയായ താരമാണ്. മായങ്ക് അഗര്‍വാളും മധ്യനിരയില്‍ ജിതേഷ് ശര്‍മ, ഷെപ്പേര്‍ഡും ,ക്രുണാല്‍ പാണ്ഡെയും ടിം ഡേവിഡും അടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്. സ്പിന്‍ ബൗളിങ്ങിലാണെങ്കില്‍ സുയാഷ് ശര്‍മയും ക്രുണാല്‍ പാണ്ഡെയും ടീമിന് മികച്ച സംഭാവനയാണ് നല്‍കുന്നത്. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും ആര്‍സിബിയെ അപകടകാരികളാക്കുന്നത് ജോഷ് ഹേസല്‍വുഡ് എന്ന ഓസ്‌ട്രേലിയന്‍ പേസറുടെ സാന്നിധ്യമാണ്.
പഞ്ചാബിന്റെ ഏറ്റവും അപകടകാരിയായ താരം ശ്രേയസ് അയ്യര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് ഹേസല്‍വുഡിനുള്ളത്. മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ തന്നെ അപകടം വിതയ്ക്കാനും കളിയുടെ ഏത് ഘട്ടത്തിലും പന്തെറിയാനുമാകും എന്നതാണ് ഹേസല്‍വുഡിനെ അപകടകാരിയാക്കുന്നത്.ഇതുവരെ കളിച്ച ഫൈനലുകളില്‍ ഒരിക്കലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും ഹേസല്‍വുഡിന്റെ കൂടെയുണ്ട്. ഐപിഎല്‍ 2025 സീസണില്‍ പഞ്ചാബിനെതിരെ 2 തവണ മത്സരിച്ചപ്പോഴും 3 വിക്കറ്റുകളുമായി തിളങ്ങാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. ഫൈനലിലും ഇത് ആവര്‍ത്തിക്കാനായാല്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമാകും.
ബാറ്റിംഗ് പറുദീസയായ അഹമ്മദാബാദില്‍ താരതമ്യേന ദുര്‍ബലമായ ബൗളിംഗ് നിരയാണ് പഞ്ചാബിനുള്ളത്. ശ്രേയസ് അയ്യര്‍, ജോഷ് ഹേസല്‍വുഡ്,മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവരല്ലാതെ പരിചയസമ്പന്നരായ താരങ്ങളും പഞ്ചാബ് നിരയിലില്ല. ബൗളിങ്ങില്‍ അര്‍ഷദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ മാത്രമാണ് അപകടകാരികളായുള്ളത്. അതേസമയം ചെഹല്‍ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയതേ ഉള്ളു എന്നതും പഞ്ചാബ് ബൗളിങ്ങിന്റെ മൂര്‍ച്ച കുറയ്ക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മത്സരം മാറ്റിമറിക്കാന്‍ സാധിക്കുന്ന ശ്രേയസ് അയ്യര്‍, ജോഷ് ഇംഗ്ലീഷ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് മുതലായ താരങ്ങള്‍ പഞ്ചാബിനുണ്ട്. നായകനെന്ന നിലയില്‍ ശ്രേയസ് മികച്ച് നില്‍ക്കുന്നു എന്നതും പഞ്ചാബിന് ആശ്വാസമാണ്.
അഭിറാം മനോഹർ
Publish Date: Tue, 03 Jun 2025 (16:39 IST)
Updated Date: Tue, 03 Jun 2025 (16:24 IST)