Rohit Sharma: അഞ്ച് കളിയില്‍ 56, ഇംപാക്ട് 'സീറോ'; ധോണിയേക്കാള്‍ മോശം !
ഈ സീസണില്‍ മുംബൈയ്ക്കായി അഞ്ച് കളികളില്‍ നിന്ന് 56 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ നേടിയിരിക്കുന്നത്
Rohit Sharma: 42 കാരനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്രസിങ് ധോണിയേക്കാള്‍ 'തോല്‍വി'യാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ. രോഹിത് ഇപ്പോഴും രാജ്യാന്തര ക്രിക്കറ്റില്‍ തുടരുന്ന താരമാണ്, പ്രായം കൊണ്ട് ധോണിയേക്കാള്‍ ആറ് വയസ് കുറവും !
ഈ സീസണില്‍ മുംബൈയ്ക്കായി അഞ്ച് കളികളില്‍ നിന്ന് 56 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ നേടിയിരിക്കുന്നത്. ശരാശരി വെറും 11.20, സ്‌ട്രൈക് റേറ്റ് 136.59 ! ഈ സീസണില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് 0, 8, 13, 17, 18 എന്നിങ്ങനെയാണ് രോഹിത് ശര്‍മയുടെ സ്‌കോറുകള്‍. മറുവശത്ത് ധോണിക്ക് ആറ് കളികളില്‍ നിന്ന് 104 റണ്‍സ് നേടാന്‍ സാധിച്ചിട്ടുണ്ട്. രോഹിത് ഓപ്പണറാണെങ്കില്‍ ധോണി ഇറങ്ങുന്നത് ആറ് മുതല്‍ എട്ട് വരെയുള്ള നമ്പറുകളിലാണ്.
കഴിഞ്ഞ മൂന്ന് സീസണുകള്‍ നോക്കിയാല്‍ രോഹിത് ഒരു സീസണില്‍ മാത്രമാണ് 400 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 2022 ല്‍ 14 കളികളില്‍ നിന്ന് 268 റണ്‍സും 2023 ല്‍ 16 കളികളില്‍ നിന്ന് 332 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. 2024 ല്‍ 14 കളികളില്‍ നിന്ന് 417 റണ്‍സെടുത്ത് നില മെച്ചപ്പെടുത്തി. കഴിഞ്ഞ സീസണുകള്‍ പരിശോധിച്ചാല്‍ പോലും ടീമിനായി അത്ര വലിയ 'ഇംപാക്ട്' ഉണ്ടാക്കാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. നിലവിലെ ഫോം ഔട്ട് തുടര്‍ന്നാല്‍ ഒരുപക്ഷേ രോഹിത്തിന്റെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇത്.
2011 ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. 2025 ലെ മെഗാ താരലേലത്തിനു മുന്‍പ് 16.30 കോടിക്ക് രോഹിത്തിനെ നിലനിര്‍ത്താന്‍ മുംബൈ തീരുമാനിക്കുകയും ചെയ്തു. രോഹിത്തിന്റെ നിലവിലെ ബാറ്റിങ് പ്രകടനം കാണുമ്പോള്‍ 16 കോടിക്ക് നിലനിര്‍ത്തേണ്ടിയിരുന്ന താരമായിരുന്നോ എന്നതാണ് മുംബൈ ആരാധകര്‍ അടക്കം ചോദിക്കുന്നത്.