Royal Challengers Bengaluru: സ്വന്തം ഗ്രൗണ്ടില്‍ ഇത്രയും ഗതികെട്ട വേറൊരു ടീമുണ്ടോ? വീണ്ടും തോല്‍വി
ഹോം ഗ്രൗണ്ടില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഉള്ള വേറൊരു ടീം ഐപിഎല്ലില്‍ ഇല്ല
Royal Challengers Bengaluru: ഹോം ഗ്രൗണ്ട് മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും താരതമ്യേന ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് ആര്‍സിബിയുടെ തോല്‍വി.
ഗുജറാത്തിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ എട്ട് വിക്കറ്റ് ശേഷിക്കെ ഗുജറാത്ത് ജയിച്ചു. ഡല്‍ഹിക്കെതിരെയും ആര്‍സിബിക്ക് ടോസ് നഷ്ടമായി. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ നേടിയത് വെറും 163 റണ്‍സ്. ഡല്‍ഹി 17.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് മത്സരത്തിലും തിരിച്ചടിയായത് ടോസ് നഷ്ടം !
ഹോം ഗ്രൗണ്ടില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഉള്ള വേറൊരു ടീം ഐപിഎല്ലില്‍ ഇല്ല. 2017 മുതലുള്ള സീസണുകള്‍ പരിഗണിച്ചാല്‍ ആര്‍സിബി ചിന്നസ്വാമിയില്‍ കളിച്ചിരിക്കുന്നത് 35 തവണ. ഇതില്‍ 15 ജയം മാത്രം, 19 കളികള്‍ തോറ്റു. 44 ശതമാനത്തില്‍ താഴെയാണ് ചിന്നസ്വാമിയിലെ ആര്‍സിബിയുടെ വിജയശതമാനം. ഐപിഎല്ലിനു ആതിഥേയത്വം വഹിക്കുന്ന ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തവണ തോറ്റതിന്റെ റെക്കോര്‍ഡും ആര്‍സിബിക്കു തന്നെ. ബെംഗളൂരുവില്‍ 45 തവണയാണ് ആര്‍സിബി ഐപിഎല്ലില്‍ തോറ്റിരിക്കുന്നത്. ഡല്‍ഹിയിലെ ഗ്രൗണ്ടില്‍ 44 തവണ തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് രണ്ടാമത്.