Sanju Samson: വൈഡ് ചെക്ക് ചെയ്യാന്‍ മൂന്ന് മിനിറ്റ് എടുക്കുന്നവര്‍ സഞ്ജുവിനെ ഔട്ടാക്കാന്‍ തിടുക്കം കാണിച്ചു; തേര്‍ഡ് അംപയറിനെതിരെ തുറന്നടിച്ച് ആരാധകര്‍
വെറും 46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ്‍ രാജസ്ഥാനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പായതാണ്
Sanju Samson: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ പുറത്തായത് വിവാദത്തില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 201 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 20 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം.
വെറും 46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ്‍ രാജസ്ഥാനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പായതാണ്. എന്നാല്‍ അപ്രതീക്ഷിതമായി സഞ്ജു പുറത്തായതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മാത്രമല്ല സഞ്ജുവിന്റെ വിക്കറ്റ് വിവാദത്തിലാകുകയും ചെയ്തു. മുകേഷ് കുമാര്‍ എറിഞ്ഞ 16-ാം ഓവറിന്റെ നാലാം പന്തില്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ മടക്കം. ലോങ് ഓണില്‍ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ നിന്നാണ് ഹോപ്പ് ക്യാച്ചെടുത്തത്. അതേസമയം ബൗണ്ടറി റോപ്പില്‍ ഹോപ്പിന്റെ കാല്‍ തട്ടിയതായി സംശയം തോന്നിയപ്പോള്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറുടെ സഹായം തേടി.
നിമിഷ നേരം കൊണ്ട് ദൃശ്യങ്ങള്‍ പരിശോധിച്ച് തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു. ഇത് സഞ്ജുവിനേയും രാജസ്ഥാന്‍ ആരാധകരേയും ചൊടിപ്പിച്ചു. ഹോപ്പ് ക്യാച്ചെടുത്ത ശേഷം കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത്രയും സംശയമുണ്ടായിട്ടും തേര്‍ഡ് അംപയര്‍ വിവിധ ആംഗിളുകള്‍ പരിശോധിക്കാതെ ഔട്ട് അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ആരാധകരുടെ ആരോപണം. കേവലം ഒരു വൈഡ് ചെക്കിന് പോലും മൂന്ന് മിനിറ്റിലേറെ ദൃശ്യങ്ങള്‍ പരിശോധിക്കുന്ന തേര്‍ഡ് അംപയര്‍ ഇത്രയും നിര്‍ണായകമായ വിക്കറ്റ് പരിശോധിക്കാന്‍ അലസത കാണിച്ചത് മനപ്പൂര്‍വ്വമാണെന്നും സഞ്ജുവിനോടുള്ള താല്‍പര്യക്കുറവ് അതില്‍ നിന്ന് പ്രകടമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.