SRH vs DC: അഭിഷേകിന്റെ വെടിക്കെട്ടിൽ ഉത്തരമില്ലാതെ ഡൽഹി
അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഹൈദരബാദിനു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്
Publish Date: Wed, 22 Apr 2026 (09:43 IST)
Updated Date: Wed, 22 Apr 2026 (09:56 IST)
SRH vs DC: ഐപിഎലിൽ വീണ്ടും ബൗണ്ടറി വിരുന്ന്. ഹൈദരബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്‌സ് ഹൈദരബാദ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ പിറന്നത് 437 റൺസ് !
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 242 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഡൽഹി പൊരുതി നോക്കിയെങ്കിലും നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനെ സാധിച്ചുള്ളൂ. 47 റൺസിനാണ് ഹൈദരബാദിന്റെ ജയം.
അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഹൈദരബാദിനു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 68 പന്തുകളിൽ 10 വീതം ഫോറുകളും സിക്‌സുകളുമായി 135 റൺസുമായി അഭിഷേക് പുറത്താകാതെ നിന്നു. ഇതോടെ ഐപിഎൽ 2026 സീസണിലെ റൺവേട്ടക്കാരിൽ അഭിഷേക് ഒന്നാമതെത്തി.
ഏഴ് കളികളിൽ നാല് ജയവുമായി പോയിന്റ് ടേബിളിൽ മൂന്നാമതാണ് ഹൈദരബാദ് ഇപ്പോൾ. ആറ് കളികളിൽ മൂന്ന് വീതം ജയവും തോൽവിയുമായി ഡൽഹി അഞ്ചാം സ്ഥാനത്ത്.