സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ലക്ഷ്യം ബെന്‍ സ്റ്റോക്‌സ്; ഇത്തവണ രണ്ടും കല്‍പ്പിച്ച് !
കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പൂറാന്‍ അടക്കമുള്ള പ്രധാന താരങ്ങളെ റിലീസ് ചെയ്തിരിക്കുകയാണ് ഇത്തവണ ഹൈദരബാദ്
കഴിഞ്ഞ മെഗാ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട ഫ്രാഞ്ചൈസിയാണ് സണ്‍റൈസേവ്‌സ് ഹൈദരബാദ്. നല്ല താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഹൈദരബാദിന് സാധിച്ചില്ലെന്ന് ആരാധകര്‍ വരെ വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഫ്രാഞ്ചൈസിയുടെ നീക്കങ്ങള്‍.
കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പൂറാന്‍ അടക്കമുള്ള പ്രധാന താരങ്ങളെ റിലീസ് ചെയ്തിരിക്കുകയാണ് ഇത്തവണ ഹൈദരബാദ്. പേഴ്‌സില്‍ ഇനി ബാക്കിയുള്ളത് 42.25 കോടി ! ഏറ്റവും കൂടുതല്‍ തുക പേഴ്‌സില്‍ ഉള്ള ടീമാണ് ഹൈദരബാദ്. വില്യംസണെ വീണ്ടും കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ സ്വന്തമാക്കാന്‍ സാധ്യത കുറവാണ്. മറിച്ച് മറ്റൊരു ക്യാപ്റ്റനെയാണ് ഹൈദരബാദ് തേടുന്നത്.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെയാണ് ഹൈദരബാദ് ലക്ഷ്യമിടുന്നത്. പേഴ്‌സില്‍ 42.25 കോടി രൂപ ബാക്കിയുള്ളതിനാല്‍ എത്ര വലിയ തുക മുടക്കിയാണെങ്കിലും സ്റ്റോക്‌സിനെ സ്വന്തമാക്കുകയാണ് പദ്ധതി. സ്റ്റോക്‌സ് ടീമിലെത്തിയാല്‍ പിന്നീട് ക്യാപ്റ്റന് വേണ്ടി മറ്റൊരു താരത്തെ അന്വേഷിക്കേണ്ടതില്ലെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തല്‍.