സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ വിരാട് കോലി കൂടാരം കയറിയത്. ഈ സീസണില്‍ കോലിയുടെ മൂന്നാമത്തെ ഗോള്‍ഡന്‍ ഡക്കാണിത്. കോലി തന്റെ ഫോം ഔട്ടില്‍ ഏറെ നിരാശനുമാണ്. എന്നാല്‍, ഈ നിരാശയെല്ലാം മറന്നുകൊണ്ട് സഹതാരത്തിന്റെ ബാറ്റിങ് മികവില്‍ സന്തോഷിക്കുന്ന കോലിയെയാണ് ഇന്നലെ ഡ്രസിങ് റൂമില്‍ കണ്ടത്. ഈ കാഴ്ചകള്‍ ഏറെ ഹൃദ്യമാണ്.
ബാംഗ്ലൂരിന് വേണ്ടി ദിനേശ് കാര്‍ത്തിക് എട്ട് പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടി. നാല് സിക്‌സും ഒരു ഫോറും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ഇത്. പ്രായം പറഞ്ഞ് എഴുതി തള്ളിയ എല്ലാവര്‍ക്കും തന്റെ സുഹൃത്ത് ഓരോ ഇന്നിങ്‌സിലൂടേയും മറുപടി കൊടുക്കുന്ന കാഴ്ച കണ്ട കോലിക്ക് സന്തോഷം അടക്കാനായില്ല.
ബാറ്റിങ് കഴിഞ്ഞ് കാര്‍ത്തിക്ക് ഡ്രസിങ് റൂമിലേക്ക് എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരിക്കുകയായിരുന്നു കോലി ചെയ്തത്. എഴുന്നേറ്റു നിന്ന് രണ്ട് കൈകളും മുന്നിലേക്ക് നീട്ടി കാര്‍ത്തിക്കിന് മുന്നില്‍ കുമ്പിടുന്ന കോലിയെ വീഡിയോയില്‍ കാണാം. വളരെ സന്തോഷവാനായാണ് കോലിയെ വീഡിയോയില്‍ കാണുന്നത്. മറ്റൊരു ടീം അംഗത്തിന്റെ നേട്ടത്തില്‍ ഇങ്ങനെ മതിമറന്ന് സന്തോഷിക്കാന്‍ കോലിക്ക് അല്ലാതെ വേറെ ആര്‍ക്ക് സാധിക്കുമെന്നാണ് വീഡിയോ കണ്ട ശേഷം ആരാധകര്‍ ചോദിക്കുന്നത്.