ഇന്ത്യൻ പ്രീമിയർ ലീഗിൽ 7000 റൺസെന്ന നാഴികകല്ല് ഡൽഹിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോലി പിന്നിട്ടിരുന്നു. ചരിത്രനേട്ടത്തിനൊപ്പം തന്നെ പക്ഷേ മറ്റൊരു നാണക്കേടിൻ്റെ റെക്കോർഡ് കൂടി ഇന്നലെ കോലി സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 46 പന്തിൽ നിന്നും 55 റൺസായിരുന്നു താരം നേടിയത്. ഇതോടെ 120ന് താഴെ സ്ട്രൈക്ക്റേറ്റിൽ കൂടുതൽ അർധസെഞ്ചുറികൾ നേടിയതിൻ്റെ റെക്കോർഡ് താരത്തിൻ്റെ പേരിലായി.
ഇത് ആറാം തവണയാണ് കോലി 120ന് താഴെ സ്ട്രൈക്ക്റേറ്റിൽ അമ്പതിലേറെ റൺസ് നേടുന്നത്. 7 തവണ 120ന് താഴെ സ്ട്രൈക്ക്റേറ്റിൽ അർധസെഞ്ചുറികൾ നേടിയിട്ടുള്ള ഡേവിഡ് വാർണറും ശിഖർ ധവാനുമാണ് പട്ടികയിൽ ഒന്നാമതുള്ളത്. 5 വീതം ഈ നാണക്കേടിലെത്തിയിട്ടുള്ള ജാക്സ് കാലിസും കെ എൽ രാഹുലുമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 200ൽ മുകളിൽ സ്കോർ ചെയ്യുന്നതിൽ നിന്നും ആർസിബിയെ തടയുന്നത് കോലിയുടെ മെല്ലെപ്പോക്കാണെന്ന് ഇതോടെ വിമർശനം ശക്തമായിരിക്കുകയാണ്. സീസണിൽ റൺസ് കണ്ടെത്താൻ സാധിക്കുന്നുണ്ടെങ്കിലും പ്രഹരശേഷിയിൽ താരം പിന്നോട്ട് പോയെന്നും ഇത് ടീമിനെ ബാധിക്കുന്നതായും ആരാധകർ പറയുന്നു.
ഈ സീസണിലെ 10 മത്സരങ്ങളിൽ നിന്നും 394 റൺസ് നേടിയിട്ടുണ്ടെങ്കിലും 136.33 ആണ് കോലിയുടെ സ്ട്രൈക്ക്റേറ്റ്.ഓപ്പണറായി ഇറങ്ങുമ്പോഴും പവർ പ്ലേയിൽ 150ന് താഴെയാണ് കോലിയുടെ സ്ട്രൈക്ക്റേറ്റ്.