ആ പഴയ ബുമ്ര എവിടെ പോയി ? 5 മത്സരങ്ങളിൽ ഒരു വിക്കറ്റ് പോലുമില്ലല്ലോ, മുംബൈ ക്യാമ്പ് ആശങ്കയിൽ
2025 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഇലിമിനേറ്ററിലാണ് ബുമ്ര അവസാനമായി ഒരു വിക്കറ്റ് നേടിയത്.
Publish Date: Mon, 13 Apr 2026 (12:44 IST)
Updated Date: Mon, 13 Apr 2026 (12:34 IST)
ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ സഞ്ജു സാംസണോളം പ്രധാനപ്പെട്ട പങ്കുവഹിച്ച താരമായിരുന്നു ഇന്ത്യന്‍ പേസറായ ജസ്പ്രീത് ബുമ്ര. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകമായ പങ്കാണ് ബുമ്ര വഹിക്കുന്നത്. എന്നാല്‍ ഐപിഎല്ലിലെ ആദ്യ 4 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരൊറ്റ വിക്കറ്റ് പോലും സ്വന്തമാക്കാന്‍ ബുമ്രയ്ക്കായിട്ടില്ല. കഴിഞ്ഞ സീസണിലെ മത്സരം കൂടി പരിഗണിച്ചാല്‍ മുംബൈയ്ക്കായി തുടര്‍ച്ചയായ 5 മത്സരങ്ങളില്‍ ബുമ്രയ്ക്ക് വിക്കറ്റ് നേടാനായിട്ടില്ല.
2025 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഇലിമിനേറ്ററിലാണ് ബുമ്ര അവസാനമായി ഒരു വിക്കറ്റ് നേടിയത്. അതിനുശേഷം 122 പന്തുകള്‍ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും നേടാന്‍ ബുമ്രയ്ക്കായിട്ടില്ല. 2014ലെ ഐപിഎല്‍ സീസണിന് ശേഷം ഇതാദ്യമായാണ് ബുമ്ര ഇങ്ങനെ നിറം മങ്ങുന്നത്.
ഐപിഎല്‍ 2026 സീസണിന് മുന്‍പായി ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സമയം ചെലവഴിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തിന്റെ തലേന്ന് മാത്രമായിരുന്നു ബുമ്ര മുംബൈ ക്യാമ്പിലെത്തിയത്. പരിക്കേല്‍ക്കാതെ കളിക്കുന്നതില്‍ ബുമ്ര ശ്രദ്ധ കൂടുതല്‍ ചെലുത്തുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതേസമയം വിക്കറ്റുകള്‍ കൊണ്ട് മാത്രം ഒരു ബൗളറെ അളക്കുന്ന രീതി നല്ലതല്ലെന്നാണ് ഇന്ത്യന്‍ മുന്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍ പറയുന്നത്. വാംഖഡെ പോലുള്ള ഗ്രൗണ്ടുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കുക പ്രധാനമാണെന്നും ഇത് ബുമ്ര ചെയ്യുന്നുണ്ടെന്നുമാണ് അശ്വിന്‍ പറയുന്നത്.
ഐപിഎല്ലില്‍ 160ല്‍ അധികം വിക്കറ്റുകളുള്ള ബുമ്രയുടെ കരിയര്‍ എക്കോണമി 7.50 മാത്രമാണ്. ബുമ്രയുടെ ഈ വിക്കറ്റ് വരള്‍ച്ച താത്കാലികം മാത്രമാണെന്നാണ് ആരാധകരും കരുതുന്നത്.