ഐപിഎല്‍ മെഗാ താരലേലം കൊഴുക്കുന്നതിനിടെ ലേലക്കാരന്‍ ഹ്യൂഗ് എഡ്മീഡ്‌സ് ബോധരഹിതനായി വീണത് ഏറെ ആശങ്കയ്ക്ക് കാരണമായി. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്കായി വാശിയേറിയ ലേലം വിളി നടക്കുന്നതിനിടെയാണ് ഹ്യൂഗ് നിലത്തുവീണത്. പ്രീച്ചിങ് ടേബിള്‍ സഹിതം ഹ്യൂഗ് നിലത്തുവീഴുകയായിരുന്നു. ഏതാനും മിനിറ്റ് നേരത്തേക്ക് ബോധമില്ലാതെ കിടന്നു. ഉടനെ വൈദ്യസഹായം ലഭ്യമാക്കി. നിലവില്‍ അദ്ദേഹത്തിനു ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
ഒരു സ്വതന്ത്ര ചാരിറ്റി ലേലക്കാരനാണ് ഹ്യൂഗ്. 2018 ല്‍ ജയ്പൂരില്‍ നടന്ന താരലേലത്തിലാണ് അദ്ദേഹം ആദ്യമായി ഐപിഎല്‍ ലേലക്കാരനായി എത്തിയത്. അദ്ദേഹത്തിന് അതൊരു പുതിയ അനുഭവമായിരുന്നു. ആ ലേലം നടത്താന്‍ എത്തുമ്പോള്‍ ലോകത്താകമാനം 2500 ലേലം നടത്തിയുള്ള അനുഭവ സമ്പത്ത് ഹ്യൂഗിന് ഉണ്ടായിരുന്നു. ഐപിഎല്‍ മെഗാ താരലേലത്തിനായി ബിസിസിഐ വളരെ നേരത്തെ തന്നെ ഹ്യൂഗ് എഡ്മീഡ്‌സിനെ അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്തിരുന്നു.