Select Your Language

Notifications

webdunia
webdunia
webdunia
webdunia

Who is Sameer Rizvi: വലംകൈയന്‍ റെയ്‌നയെന്ന് ചെല്ലപ്പേര്, ലേലത്തില്‍ ചെന്നൈ വലിച്ചെറിഞ്ഞത് എട്ട് കോടി; ചില്ലറക്കാരനല്ല സമീര്‍ റിസ്വി !

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ സമീര്‍ റിസ്വിക്ക് ഇപ്പോള്‍ പ്രായം വെറും 20 കഴിഞ്ഞിട്ടേയുള്ളൂ

Sameer Rizvi, Right hand Raina, Chennai Super Kings, Webdunia Malayalam

രേണുക വേണു

, ബുധന്‍, 27 മാര്‍ച്ച് 2024 (09:38 IST)
Sameer Rizvi
Who is Sameer Rizvi: ഐപിഎല്ലിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് യുവതാരം സമീര്‍ റിസ്വി. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ റിസ്വി ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ടി20 ഗോട്ട് ബൗളറായ റാഷിദ് ഖാനെ ഒരോവറില്‍ രണ്ട് തവണയാണ് അതിര്‍ത്തി കടത്തിയത്. അതും നേരിട്ട ആദ്യ പന്തില്‍ തന്നെ റിസ്വി സിക്‌സര്‍ പായിച്ചു. ചെന്നൈ ആരാധകര്‍ മാത്രമല്ല സാക്ഷാല്‍ മഹേന്ദ്ര സിങ് ധോണി അടക്കം റിസ്വിയുടെ സിക്‌സില്‍ വണ്ടറടിച്ചു നിന്നു. 
 
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ സമീര്‍ റിസ്വിക്ക് ഇപ്പോള്‍ പ്രായം വെറും 20 കഴിഞ്ഞിട്ടേയുള്ളൂ. ഐപിഎല്‍ 2024 ന് മുന്നോടിയായ താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള അണ്‍ക്യാപ്ഡ് താരങ്ങളില്‍ ഒരാള്‍. എട്ട് കോടി 40 ലക്ഷം രൂപയാണ് സമീര്‍ റിസ്വിക്ക് വേണ്ടി ചെന്നൈ ചെലവഴിച്ചത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയ ടീമുകളിലൊന്നായ ചെന്നൈയ്ക്ക് സമീര്‍ റിസ്വി എന്ന താരത്തില്‍ പരിപൂര്‍ണ വിശ്വാസമുള്ളതുകൊണ്ടാണ് അത്രയും തുക ചെലവഴിച്ചത്. 
 
വലംകൈയന്‍ സുരേഷ് റെയ്ന എന്നാണ് റിസ്വി അറിയപ്പെടുന്നത്. മധ്യനിരയില്‍ അപകടകാരിയായ ബാറ്റര്‍, റെയ്നയെ പോലെ അസാധാരണ ഫീല്‍ഡിങ് മികവ്, ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം..! ഇതൊക്കെയാണ് സമീര്‍ റിസ്വിയെ ഐപിഎല്‍ താരലേലത്തില്‍ മൂല്യമുള്ള താരമാക്കിയത്. 2011 ല്‍ മീററ്റിലെ ഗാന്ധിബാഗ് അക്കാദമിയില്‍ അമ്മാവന്‍ തന്‍കിബ് അക്തറിന്റെ ശിക്ഷണത്തിലാണ് റിസ്വി ക്രിക്കറ്റ് കളി ആരംഭിച്ചത്. ഈ സമയത്താണ് മീററ്റില്‍ വെച്ച് ഉത്തര്‍പ്രദേശും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം നടക്കുന്നത്. ഉത്തര്‍പ്രദേശിനെ നയിച്ചിരുന്നത് സാക്ഷാല്‍ സുരേഷ് റെയ്ന. അന്ന് കുട്ടിയായിരുന്ന റിസ്വിക്ക് റെയ്ന തന്റെ സണ്‍ഗ്ലാസ് സമ്മാനമായി നല്‍കിയിട്ടുണ്ട്. റെയ്നയെ കണ്ടാണ് റിസ്വി പിന്നീട് തന്റെ ക്രിക്കറ്റ് കരിയര്‍ പടുത്തുയര്‍ത്തിയത്. 
 
യുപി ടി 20 ലീഗിലെ മികച്ച പ്രകടനങ്ങളാണ് റിസ്വിക്ക് ഐപിഎല്ലിലേക്കുള്ള വഴി തുറന്നത്. ഈ ലീഗിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമനാണ് റിസ്വി. 10 മത്സരങ്ങളില്‍ നിന്ന് 455 റണ്‍സ് അടിച്ചുകൂട്ടി. 188.8 ആണ് സ്ട്രൈക്ക് റേറ്റ്, ശരാശരി 50.56 ! രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. സീസണിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും ഏറ്റവും കൂടുതല്‍ സിക്സുകളും റിസ്വിയുടെ പേരിലാണ്. സയദ് മുഷ്താഖലി ട്രോഫിയിലും റിസ്വി മികച്ച പ്രകടനമാണ് നടത്തിയത്. 18 സിക്സുകളാണ് ഈ ടൂര്‍ണമെന്റില്‍ മാത്രം റിസ്വി അടിച്ചുകൂട്ടിയത്. 
 
അണ്ടര്‍ 23 ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനായി രണ്ട് അര്‍ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഫൈനലില്‍ ജയിച്ച് കിരീടം ചൂടിയപ്പോള്‍ വെറും 50 ബോളില്‍ നിന്ന് 84 റണ്‍സെടുത്ത് റിസ്വി തിളങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ (37) നേടിയതും റിസ്വി തന്നെ.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചെക്കന്‍ തീയാകും, ആ ചിരിയിലുണ്ട് എല്ലാം'; റിസ്വി സിക്‌സ് അടിച്ചപ്പോള്‍ ധോണിയുടെ മുഖം കണ്ടോ ! (വീഡിയോ)