Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍: ഈ ടീമുകള്‍ പ്ലേ ഓഫ് അര്‍ഹിക്കുന്നില്ല

ഐപിഎല്‍: ഈ ടീമുകള്‍ പ്ലേ ഓഫ് അര്‍ഹിക്കുന്നില്ല
, വെള്ളി, 30 ഏപ്രില്‍ 2021 (14:07 IST)
ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പകുതിയിലേക്ക് അടുക്കുമ്പോള്‍ ആരാധകരെ നിരാശപ്പെടുത്തുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍. ടീമില്‍ കരുത്തന്‍മാരുടെ നീണ്ട നിര ഉണ്ടായിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഈ നാല് ടീമുകള്‍ക്കും സാധിച്ചിട്ടില്ല. 
 
പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ പ്രകടനം ഏറ്റവും മോശമാണ്. ആറ് കളികളില്‍ നിന്ന് ഇതുവരെ ജയിക്കാന്‍ സാധിച്ചിരിക്കുന്നത് ഒന്നില്‍ മാത്രം. അഞ്ച് കളികളിലും തോറ്റു. നായകന്‍ ഡോവിഡ് വാര്‍ണര്‍ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ആദ്യ രണ്ടോ മൂന്നോ വിക്കറ്റ് നഷ്ടമായാല്‍ പിന്നീട് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിവുള്ള മധ്യനിര ഹൈദരബാദിനില്ല. ബാറ്റിങ്ങില്‍ ഇതാണ് സണ്‍റൈസേഴ്‌സിനെ അലട്ടുന്നത്. ബാറ്റിങ്ങിനേക്കാള്‍ മോശമാണ് ഹൈദരബാദിന്റെ ബൗളിങ് യൂണിറ്റ്. ഭുവനേശ്വര്‍ കുമാറിന് പരുക്ക് പറ്റിയത് പേസ് നിരയെ ദുര്‍ബലമാക്കി. ഭേദപ്പെട്ട പ്രകടനം നടത്തുന്നത് സ്പിന്നര്‍ റാഷിദ് ഖാന്‍ മാത്രമാണ്. ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തിയെങ്കിലും ടീമിന് വിജയവഴിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തു നില്‍ക്കുന്ന ടീമുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹൈദരബാദ് പൂര്‍ണമായി നിരാശപ്പെടുത്തുന്നു. 
 
ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായതോടെ വലിയ പ്രതീക്ഷയിലായിരുന്നു രാജസ്ഥാന്‍ ക്യാംപ്. എന്നാല്‍, പ്രതീക്ഷയ്‌ക്കൊത്ത് ടീം ഉയര്‍ന്നിട്ടില്ല. ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും മടങ്ങിയത് രാജസ്ഥാന് വലിയ തിരിച്ചടിയായി. കൂറ്റനടിക്കാരുടെ നീണ്ട നിര ഉണ്ടെങ്കിലും സ്ഥിരതയോടെ ബാറ്റ് വീശാന്‍ ഈ താരങ്ങള്‍ക്കൊന്നും സാധിക്കുന്നില്ല. ഹൈദരബാദിനെ പോലെ ബൗളിങ് യൂണിറ്റ് തന്നെയാണ് രാജസ്ഥാനും തലവേദനയാകുന്നത്. എത്ര വലിയ റണ്‍സ് പടുത്തുയര്‍ത്തിയാലും ബൗളിങ് നിരയ്ക്ക് അതിനെ പ്രതിരോധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. 
 
നായകന്‍ കെ.എല്‍.രാഹുലിന്റെ മെല്ലെപ്പോക്കാണ് പഞ്ചാബ് കിങ്‌സിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. നായകന്‍ എന്ന നിലയില്‍ രാഹുല്‍ സമ്പൂര്‍ണ പരാജയമാണ്. തന്റെ ടീമിലെ ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കണമെന്ന് പോലും രാഹുലിന് അറിയില്ലെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരാന്‍ തുടങ്ങിയ കൂറ്റനടിക്കാര്‍ ഫോം കണ്ടെത്താത്തതും പഞ്ചാബിന് വന്‍ തിരിച്ചടിയാകുന്നു. 
 
ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ആണെങ്കിലും വന്‍ മുന്നേറ്റം നടത്താന്‍ കെല്‍പ്പുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൂറ്റനടികളുമായി റസല്‍ കളംനിറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും നായകന്‍ ഓയിന്‍ മോര്‍ഗന്‍ അടക്കമുള്ളവര്‍ ബാറ്റിങ്ങില്‍ ഫോം കണ്ടെത്തിയിട്ടില്ല. ഓപ്പണര്‍മാരില്‍ നിതീഷ് റാണ തരക്കേടില്ലാത്ത പ്രകടനം നടത്തുമ്പോഴും ശുഭ്മാന്‍ ഗില്‍ നിരാശപ്പെടുത്തുന്നു. രാഹുല്‍ ത്രിപതിയും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല. നായകന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും മോര്‍ഗന്‍ നിരാശപ്പെടുത്തുന്നു. സുനില്‍ നരെയ്ന്‍ ടീമിന് തലവേദനയാകുന്നു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് നേടാനാവാതെ പോയത് അവൻ നേടി, പൃഥ്വി ഷായെ അഭിനന്ദിച്ച് സെവാഗ്