Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിക്ക് നന്ദി, വിശ്വാസത്തിലെടുത്തതിന്; സിറാജ് ആകെ മാറി

കോലിക്ക് നന്ദി, വിശ്വാസത്തിലെടുത്തതിന്; സിറാജ് ആകെ മാറി
, തിങ്കള്‍, 19 ഏപ്രില്‍ 2021 (09:29 IST)
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വ്യാപകമായി ട്രോളുകള്‍ക്ക് ഇരയായ താരമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പേസ് ബൗളര്‍ മൊഹമ്മദ് സിറാജ്. എന്നാല്‍, ഐപിഎല്ലിനു ശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിലൂടെ അരങ്ങേറിയതു മുതല്‍ ട്രോളന്‍മാര്‍ നിശബ്ദരാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് സിറാജ് നടത്തിയത്. സിറാജ് ചെണ്ടയാണെന്നും അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്ന കോലി നല്ലൊരു ക്യാപ്റ്റനല്ലെന്നും വിമര്‍ശിച്ചവര്‍ നിരവധിയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം തിരശീല വീണു. അപ്പോഴും ശേഷിക്കുന്ന മറ്റൊരു വിമര്‍ശനമുണ്ടായിരുന്നു. സിറാജ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നല്ലൊരു ബൗളര്‍ അല്ല എന്നതായിരുന്നു ആ വിമര്‍ശനം. ഒടുവില്‍ ഈ സീസണിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആര്‍സിബിയുടെ ബൗളിങ് നിരയ്ക്ക് കരുത്ത് പകരുന്ന സാന്നിധ്യമായി സിറാജ് മാറി കഴിഞ്ഞു. 
 
ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സിറാജിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്നു വിളിച്ചാലും തെറ്റ് പറയാന്‍ സാധിക്കാത്ത തരത്തിലാണ് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ സിറാജ് തന്റെ മൂന്നാം ഓവര്‍ എറിഞ്ഞത്. 
 
കൊല്‍ക്കത്തയുടെ ഇന്നിങ്‌സില്‍ 19-ാം ഓവര്‍ എറിയാനെത്തിയത് സിറാജാണ്. ഈ സമയത്ത് കൊല്‍ക്കത്തയ്ക്ക് ജയിക്കാല്‍ വേണ്ടത് 12 ബോളില്‍ 44 റണ്‍സ് മാത്രം. ഉഗ്ര പ്രഹരശേഷിയുള്ള കരീബിയന്‍ താരം ആന്ദ്രേ റസലാണ് ബാറ്റിങ് എന്‍ഡില്‍. 200 ന് മുകളില്‍ സ്‌ട്രൈക് റേറ്റില്‍ വെറും 14 പന്തില്‍ നിന്ന് 30 റണ്‍സുമായാണ് റസല്‍ നില്‍ക്കുന്നത്. ആക്രമിച്ചു കളിക്കുക എന്നതില്‍ കുറഞ്ഞ മനോഭാവമൊന്നും റസലിന്റെ മുഖത്ത് കാണാനില്ല. അത്രത്തോളം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നു. രണ്ട് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് വിക്കറ്റൊന്നും നേടാത്ത സിറാജിന് കോലി ബോള്‍ നല്‍കി. വേണമെന്ന് വിചാരിച്ചാല്‍ ജയിക്കാമെന്ന് തോന്നിയിടത്തുനിന്ന് കൊല്‍ക്കത്തയ്ക്ക് എല്ലാ പ്രതീക്ഷകളും അസ്തമിച്ചത് ആ ഒരു ഓവറിലാണ്. 
 
19-ാം ഓവറിന്റെ ആദ്യ പന്തില്‍ റസലിന് ബൗണ്ടറി നേടാന്‍ സാധിച്ചില്ല. ഒരു സിംഗിളിനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍, റസല്‍ ഓടാന്‍ തയ്യാറായില്ല. സിറാജിന്റെ ശേഷിക്കുന്ന അഞ്ച് ബോളുകളും നന്നായി ആക്രമിക്കാമെന്ന് റസലിനു ഉറപ്പുണ്ടായിരുന്നു. 19-ാം ഓവറിന്റെ രണ്ടാം പന്ത് യോര്‍ക്കറായിരുന്നു, റസല്‍ നിശബ്ദം ! പിന്നെയും യോര്‍ക്കറുകള്‍ ആവര്‍ത്തിച്ചു. വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മത്സരം കൈവിട്ടുപോയ നിരാശ റസലിന്റെ മുഖത്തു നിഴലിക്കാന്‍ തുടങ്ങി. 19-ാം ഓവറിലെ അഞ്ച് പന്തുകളും ഡോട്ട് ബോളായി. ആ ഓവറിലെ അവസാന പന്ത് ഒരു ഫുള്‍ ടോസ് ആയിരുന്നിട്ട് കൂടി റസലിന് സാധിച്ചത് ഒരു സിംഗിള്‍ നേടാന്‍ മാത്രം. മത്സരം പൂര്‍ണമായി ബാംഗ്ലൂരിന്റെ വരുതിയിലായി. സിറാജിനെ അഭിനന്ദിക്കാന്‍ നായകന്‍ കോലി അടക്കമുള്ളവര്‍ ഓടിയെത്തി. സിറാജിനെ ഇത്രത്തോളം വിശ്വാസത്തിലെടുക്കുന്നത് എന്തിനാണെന്ന് ചോദിച്ച വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് കോലി നല്‍കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ താരത്തിന്റെ സാന്നിധ്യം മാക്‌സ്‌വെല്ലിനെ സഹായിച്ചു, ആർസിബിയിലെ വിജയത്തിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഓസീസ് താരം