Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിരീട പ്രതീക്ഷയോടെ സഞ്ജുവും സംഘവും ഇറങ്ങുമ്പോള്‍ റോയലാകുമോ രാജസ്ഥാന്‍? പ്രതീക്ഷകള്‍ക്കൊപ്പം വെല്ലുവിളികളും

സഞ്ജുവിനും ദേവ്ദത്തിനും കൂട്ടായി കെ.എം ആസിഫിനെയും ടീമിലെത്തിച്ച മാനേജ്‌മെന്റ് തങ്ങള്‍ക്ക് മലയാളികളോടുള്ള അടുപ്പം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ്

കിരീട പ്രതീക്ഷയോടെ സഞ്ജുവും സംഘവും ഇറങ്ങുമ്പോള്‍ റോയലാകുമോ രാജസ്ഥാന്‍? പ്രതീക്ഷകള്‍ക്കൊപ്പം വെല്ലുവിളികളും
, ബുധന്‍, 29 മാര്‍ച്ച് 2023 (12:37 IST)
Joshy K John - [email protected]
 
പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാംപ്യന്മാര്‍ പട്ടത്തോട് പിന്നീടൊരിക്കല്‍ പോലും നീതി പുലര്‍ത്താന്‍ സാധിക്കാത്ത ടീമായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. മിക്കപ്പോഴും ലീഗ് ഘട്ടത്തില്‍ തന്നെ കളി മതിയാക്കിയ രാജസ്ഥാന് കോഴ വിവാദത്തില്‍ രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നതും അവര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രമാണ്. എന്നാല്‍ ഇതിനിടയില്‍ ഒരു തവണ മൂന്നാം സ്ഥാനക്കാരായും രണ്ട് തവണ നാലാം സ്ഥാനക്കാരായും രാജസ്ഥാന്‍ കരുത്ത് തെളിയിച്ചു. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ഫൈനലില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ 2008ന് ശേഷമുള്ള തങ്ങളുടെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി. ഇത് രാജസ്ഥാന്റെ കഴിഞ്ഞകാലം. ഇത്തവണ കിരീട പ്രതീക്ഷയില്‍ ഒട്ടും പിന്നിലല്ല മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന പിങ്ക്പ്പട. കഴിഞ്ഞ വര്‍ഷം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ രാജസ്ഥാന്‍ പതിനെട്ടടവുമെടുക്കും. 
 
കളിയുടെ കണക്ക് പുസ്തകത്തില്‍ കൂടുതല്‍ കരുത്തരായാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ ഇത്തവണയും സഞ്ജു സാംസണ്‍ തന്നെയാണ്. ടീമിന്റെ എക്കാലത്തെയും മികച്ച കണ്ടെത്തലുകളിലൊന്നാണ് ഈ തിരുവനന്തപുരത്തുകാരന്‍. കഴിഞ്ഞ തവണ ടീമിനെ ഫൈനല്‍ വരെയെത്തിച്ചതില്‍ സഞ്ജു എന്ന നായകനും വലിയ റോളുണ്ട്. രാജസ്ഥാന്‍ മരുഭൂമിയിലെ ചൂട് കാറ്റുപോലെ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ള ടോപ്പ് ഓര്‍ഡര്‍ ബാറ്റിങ് നിര പുതിയ റണ്‍തീരങ്ങള്‍ കണ്ടെത്തുമ്പോള്‍ എതിരാളികളെ വലിഞ്ഞുമുറുക്കാന്‍ ബോളിംഗ് നിരയും അതുപോലെ തന്നെ ശക്തം. എല്ലാ അര്‍ത്ഥത്തിലും തികഞ്ഞൊരു ടീം തന്നെയാണ് രാജസ്ഥാന്‍. 
 
കഴിഞ്ഞ താരലേലത്തില്‍ കാര്യമായ റോളുണ്ടായിരുന്നില്ല രാജസ്ഥാന്. നികത്താന്‍ വിടവുകളും പോക്കറ്റില്‍ കാശും കുറവായിരുന്നെങ്കിലും ചില സൈനിങ്ങുകളിലൂടെ ആരാധകരെ ആവേശത്തിലാക്കാന്‍ രാജസ്ഥാന് സാധിച്ചു. ഓള്‍റൗണ്ട് മികവുകൊണ്ട് മത്സരത്തിന്റെ ഗതി ഒറ്റയ്ക്ക് നിര്‍ണയിക്കാന്‍ സാധിക്കുന്ന വിന്‍ഡീസ് താരം ജെയ്‌സണ്‍ ഹോള്‍ഡറിന്റെ സൈനിങ്ങാണ്  ഇതില്‍ എടുത്തു പറയേണ്ടത്. അശ്വിനും ചാഹലും നയിക്കുന്ന സ്പിന്നര്‍മാരുടെ സംഘത്തിലേക്ക് ആദം സാമ്പയെയും മുരുഗന്‍ അശ്വിനെയും എത്തിച്ച് മാനേജ്‌മെന്റ് ആരാധകരെ ഞെട്ടിച്ചപ്പോള്‍ മുന്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അണ്‍ക്യാപ്ഡ് പ്ലെയര്‍ ഡൊണൊവന്‍ ഫെരെയിരയും ടീമിന്റെ ബഡ്ജറ്റ് പിക്‌സായിരുന്നു. സഞ്ജുവിനും ദേവ്ദത്തിനും കൂട്ടായി കെ.എം ആസിഫിനെയും ടീമിലെത്തിച്ച മാനേജ്‌മെന്റ് തങ്ങള്‍ക്ക് മലയാളികളോടുള്ള അടുപ്പം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.
 
യശ്വസി ജെയ്‌സ്വാളെന്ന ടീമിലെ ബേബിയായിരിക്കും ഇത്തവണയും ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തുക. പരിചയ സമ്പന്നനായ ജോസ് ബട്‌ലറും എത്തുന്നതോടെ ഓപ്പണിങ്ങില്‍ ഇത്തവണയും രാജസ്ഥാന് ആശങ്കകളില്ല. സഞ്ജു സാംസണിനൊപ്പം ദേവ്ദത്ത് പടിക്കലും റിയാന്‍ പരാഗും മധ്യനിരയില്‍ റണ്‍സ് കണ്ടെത്തുമെന്ന് ഉറപ്പാണ്. ആഭ്യാന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന്റെ തുടര്‍ച്ച ഐപിഎല്ലിലും മൂവരുടെയും ബാറ്റില്‍ നിന്നുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതില്‍ എടുത്ത് പറയേണ്ടത് റിയാന്‍ പരാഗ് എന്ന അസം താരത്തെക്കുറിച്ച് തന്നെയാണ്. ഗുവാഹത്തി പ്രീമിയര്‍ ലീഗില്‍ ആ 21കാരന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു.  താരത്തിന് അതേ ഫോമില്‍ തുടരാനായാല്‍ രാജസ്ഥാന് മധ്യനിരയില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. ഫിനിഷറുടെ റോളിലെത്തുന്ന ഹിറ്റ്‌മെയറിനൊപ്പം ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ഓള്‍റൗണ്ടമാരായ ഹോള്‍ഡര്‍ക്കും അശ്വിനും സാധിച്ചാല്‍ ഏത് റണ്‍മലയും താണ്ടാന്‍ കരുത്തരാണ് രാജസ്ഥാന്റെ ബാറ്റിങ് നിര. അത്യാവശ്യ ഘട്ടത്തില്‍ സൈനിയില്‍ നിന്നും ഒരു മികച്ച ഇന്നിങ്‌സ് പ്രതീക്ഷിക്കാം. ജോ റൂട്ടിന് അവസരം ലഭിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. നിലവിലെ സാഹചര്യത്തില്‍ റൂട്ടിന്റെ സ്ഥാനം ബെഞ്ചിലായിരിക്കാനാണ് കൂടുതല്‍ സാധ്യത. 
 
വിക്കറ്റുകള്‍ കൊത്തിപറിക്കാന്‍ ഇത്തവണയും കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടെത്തും. എന്നാല്‍ പ്രസീദ് കൃഷ്ണയുടെ പരുക്ക് രാജസ്ഥാന് തിരിച്ചടിയാണ്. പരുക്കുമൂലം മക്കോയിയ്ക്കും ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നതും ടീമിനെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രസീദിന് പകരക്കാരനായി രാജസ്ഥാന്‍ ടീമിലെത്തിച്ചിരിക്കുന്നത് സന്ദീപ് ശര്‍മയെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സന്ദീപിന്റെ ചാര്‍ട്ട് അത്ര ഗംഭീരമല്ലെങ്കിലും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും ലൈന്‍ കണ്ടെത്താനായാല്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുന്ന താരം തന്നെയാണ് സന്ദീപ്. എന്നാല്‍ വേഗ പരിമിധി താരത്തിന് ഇപ്പോഴും ഒരു വെല്ലുവിളിയാണ്. അങ്ങനെ വന്നാല്‍ നവ്ദീപ് സൈനിക്ക് തന്നെയാകും കൂടുതല്‍ അവസരം ലഭിക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നും രാജസ്ഥാനിലെത്തിയ മലയാളി പേസര്‍ കെ.എം ആസിഫും പ്ലെയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള താരമാണ്. ടൂണമെന്റില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന പ്രകടനം യുസ്വേന്ദ്ര ചാഹലിന്റേതാണ്. അശ്വിന്‍ - ചാഹല്‍ സ്പിന്‍ സഖ്യത്തിന് കരുത്തു പകരാന്‍ ശക്തമായ ബാക്ക്അപ്പാണ് രാജസ്ഥാന്റെ ബെഞ്ചിലുള്ളത്. 
 
പരുക്ക് തന്നെയാണ് ടീമിനെ അലട്ടുന്ന പ്രധാന വെല്ലുവിളി. പ്രസീദിന്റെ അഭാവം പേസ് അറ്റാക്കിനെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ആദ്യ മത്സരങ്ങളില്‍ മക്കോയിയുമില്ലായെന്നതും ഇതിനാക്കം കൂട്ടുന്നു. ബാറ്റിങ് നിര ശക്തമാണെങ്കിലും ചില താരങ്ങളില്‍ മാത്രം ആശ്രയിച്ചാല്‍ ലീഗില്‍ ടീമിന്റെ മുന്നോട്ടുപോക്ക് അത്ര എളുപ്പമായിരിക്കില്ല. വെടിക്കെട്ട് തീര്‍ക്കാന്‍ സാധിക്കുന്ന മധ്യനിര അതിവേഗം വിക്കറ്റ് വലിച്ചെറിയുന്നവരുമാണെന്നതാണ് ഇതിന് കാരണം. 
 
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ജോ റൂട്ട്, ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്‌ലര്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, കെ.സി കരിയപ്പ, ജെയ്‌സണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, ആദം സാമ്പ, കെ.എം ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ത്, പി.എ അബ്ദുള്‍ ബാസിത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈ ഇന്ത്യന്‍സിന് പ്രഹരം; രോഹിത്തിന്റെ കാര്യം സംശയത്തില്‍ !