യുഎയിലെ സാഹചര്യം ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എംഎസ് ധോണിക്ക് ഏറെ അനുകൂലമാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. യുഎയിലെ സാഹചര്യങ്ങൾ സ്പിൻ ബൗളിങിന് അനുകൂലമാണ് എന്നാണ് വിലയിരുത്തുന്നത്. സ്പിൻ ബൗളിങിനെ നിയന്ത്രിക്കാൻ ലോകത്ത് ധോണിയേക്കാൾ മികച്ച ക്യാപ്‌റ്റനില്ലെന്നും മഞ്ജരേക്കർ പറഞ്ഞു.
യുഎയിലെ സാഹചര്യത്തിന് യോജിച്ച രീതിയിലുള്ള സ്പിൻ കരുത്താണ് ചെന്നൈയ്‌ക്കുള്ളത്. ടി20യിലെ ഏറ്റവും അപകടകാരിയായ സ്പിന്നർമാരിൽ ഒരാളായ ഇമ്രാൻ താഹിർ ചെന്നൈ നിരയിലുണ്ട്. ഐ.പി.എല്ലില്‍ മികച്ച റെക്കോഡുള്ള ചാവ്ലയും ആഭ്യന്തര ക്രിക്കറ്റില്‍ അതിശയിപ്പിച്ച തമിഴ്‌നാട് താരം സായ് കിഷോറും കരണ്‍ ശര്‍മയും ചേരുന്നതോടെ ഹർഭജന്റെ അഭാവത്തിലും ശക്തമായ സ്പിൻ നിര രൂപപ്പെടുന്നു. കൂടാതെ രവീന്ദ്ര ജഡേജയെ ഒരു സ്പിന്നർ എന്ന നിലയിൽ കൂടി ധോണിക്ക് ആശ്രയിക്കാനാവും.
പന്ത് ടേൺ ചെയ്യുന്ന പിച്ചുകളിൽ ധോണിയേക്കാൾ മികച്ച നായകനില്ല. കൂടാതെ പരിചയസമ്പന്നരായ ധാരാളം താരങ്ങളുള്ളതും ചെൻനൈക്ക് കരുത്താകും മഞ്ജരേക്കർ പറഞ്ഞു.