കൊവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കൂടുതൽ സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ രോഗവ്യാപനം അനിയന്ത്രിതമായതിനെ തുടർന്ന് സമ്പൂർണ ലോക്ക്‌ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷിയോഗത്തിലാണ് ഉദ്ദവ് താക്കറെ ഇക്കാര്യം അറിയിച്ചത്.
അതേസമയം കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെ ലോക്ക്‌ഡൗൻ പ്രഖ്യാപിക്കുന്നത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് പുറമെ ഉത്തർപ്രദേശ്,ഡൽഹി എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഉത്തർപ്രദേശിൽ റെക്കോർഡ് കൊവിഡ് പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടുതൽ സംസ്ഥാനങ്ങളിൽ ഇന്ന് രാത്രികാല കർഫ്യൂ നിലവിൽ വരും.