അടവി...നരബലിയുടെ മറ്റൊരു മുഖം!
വീഡിയോ, ചിത്രങ്ങള്‍: പടയണി ഡോട്ട് കോം
ഇന്ത്യന്‍ ഗ്രാമങ്ങള്‍ പലവിധ പ്രാചീന ആചാരങ്ങള്‍ക്കും സാക്‍ഷ്യം വഹിക്കുന്നു. ഇതില്‍ പലതും സാധാരണക്കാര്‍ക്ക് കേട്ടു കേഴ്വിപോലും ഇല്ലാത്തതും വിശ്വസിക്കാന്‍ പ്രയാസമുള്ളതുമായിരിക്കും. കേരള ഗ്രാമങ്ങളിലും ഇത്തരം ആചാരങ്ങള്‍ നിലവിലുണ്ട്. നമ്മളില്‍ പലര്‍ക്കും കേട്ടറിവുമാത്രമുള്ള അടവി എന്ന ഒരു പ്രാചീന ആചാരത്തെ കുറിച്ചാണ് ഞങ്ങള്‍ ഇത്തവണത്തെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ പറയുന്നത്.പത്തനംതിട്ട ജില്ലയിലെ കുരമ്പാല എന്ന സ്ഥലത്തുള്ള ‘പുത്തന്‍കാവില്‍’ ദേവീക്ഷേത്രത്തിലാണ് അടവി അഥവാ ചൂരല്‍ ഉരുളിച്ച എന്ന പ്രാചീന ദ്രാവിഡ ആചാരം നടത്തിവരുന്നത്. വ്രതം നോറ്റ ഭക്തര്‍ രക്തദാഹിയായ ഭദ്രകാളിക്ക് രക്തം നല്‍കുന്ന ചടങ്ങാണിത്. യഥാര്‍ത്ഥത്തില്‍ നരബലി നടക്കുന്നില്ല എങ്കിലും അതിന് സമാനമായ ഒരു ആചാരമാണ് ‘അടവി’.
അഞ്ച് വര്‍ഷം കൂടുമ്പോഴാണ് അടവി നടക്കുക. ഉത്സവത്തിന്‍റെ ഭാഗമായി നടത്തുന്ന പടയണിയുടെ ഒമ്പതാം ദിവസമാണ് അടവി എന്ന നരബലിക്ക് സമാനമായ ആചാരം നടക്കുന്നത്. വ്രതം നോറ്റ് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ കാളിയമ്മയുടെ രക്ത ദാഹം ശമിപ്പിക്കുന്നതിനായി കൂര്‍ത്ത മുള്ളുകളുള്ള ചൂരലില്‍ ഉരുളുന്നു. ഇത്തരത്തില്‍ ഉരുളുമ്പോള്‍ ശരീരത്തില്‍ മുള്ള് തറച്ചുകയറി ഉണ്ടാവുന്ന മുറിവുകളിലൂടെ രക്തം ഇറ്റ് വീഴുന്നത് സ്വാഭാവികമാണല്ലോ. ഈ രക്തത്തുള്ളികള്‍ ഭക്തര്‍ ദേവിക്ക് അര്‍പ്പിക്കുന്നു എന്നാണ് വിശ്വാസം.
സംഘകാലത്തെ പുരോഹിതനായിരുന്ന വേലന്‍റെ ഉപാസനാമൂര്‍ത്തിയാണ് അടവി. ഒരിക്കല്‍ വേലന്‍ ശത്രുദോഷം തീര്‍ത്ത് മടങ്ങുന്നവഴി കുരമ്പാല ദേവീ ക്ഷേത്രത്തിനു സമീപമെത്തി. ഈ സമയം , ദേവി വെലനോടൊപ്പമുണ്ടായിരുന്ന ഉപാസനാമൂര്‍ത്തിയെ സ്വായത്തമാക്കി കൂടുതല്‍ ശക്തിസ്വരൂപിണിയായി എന്നാണ് വിശ്വാസം. സര്‍വ്വ ശക്തയായ ദേവിയുടെ കോപഭാവം ശമിപ്പിക്കാന്‍ വേണ്ടിയാണ് ചൂരല്‍ ഉരുളിച്ചയിലൂടെ ഭക്തരുടെ ശരീരത്തില്‍ നിന്നൂറുന്ന രക്തം സമര്‍പ്പിക്കുന്ന നരബലിക്ക് സമാനമായ ആചാരം തുടങ്ങിയതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.പടയണിയുടെ ഒമ്പതാം ദിവസമാണ് അടവി നടക്കുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ആ ദിവസം രാവിലെ വ്രതക്കാര്‍ പിഴുതെടുത്ത കവുങ്ങ്, തെങ്ങ്, മുള തുടങ്ങിയ വൃക്ഷങ്ങളുമായി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വയ്ക്കുന്നു. അന്ന് വൈകിട്ട് ഏഴുമണിയോടെ പടയണി ആരംഭിക്കുന്നു. ഇതിനുശേഷം, രാത്രി പന്ത്രണ്ട് മണിയോടെ ‘വലിയച്ഛന്‍’ എന്ന് വിളിക്കുന്ന വെളിച്ചപ്പാട് ‘പാനയടി’ എന്ന ചടങ്ങു നടത്തുന്നു. പാനയടിക്കു ശേഷം വെളിച്ചപ്പാട് ഭക്തര്‍ക്ക് ഭസ്മം നല്‍കുന്നു. ഇത് ധരിച്ച് ഇവര്‍ ചൂരല്‍ പിഴാനായി വിദൂര ദേശങ്ങളിലേക്ക് പുറപ്പെടുന്നു.ചൂരലുകള്‍ പിഴുത് ക്ഷേത്രത്തിലെത്തുന്ന വ്രതക്കാര്‍ ദേവിക്കു മുന്നില്‍ ചൂരലിനുള്ളില്‍ ഉരുളുന്നു. ദേവീഭക്തിയില്‍ മതിമറന്ന് ചെയ്യുന്ന ആചാരമായതിനാല്‍ മുള്ളുകള്‍ ദേഹത്ത് തറച്ചുകയറുന്നതും കോറിവരയുന്നതും ലവലേശം ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്നാണ് ഭക്തര്‍ അവകാശപ്പെടുന്നത്. വനങ്ങളില്‍ നിന്ന് പിഴുതുകൊണ്ടുവരുന്ന ചൂരലുകളായതിനാല്‍ ഇതിന്‍റെ പടര്‍പ്പുകളില്‍ വിഷപ്പാമ്പുകള്‍ പോലും ഉണ്ടാവാമെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്.
ദേവീ ശക്തിയുടെ പ്രഭാവത്താലാണ് ഉരുളിച്ചക്കാര്‍ക്ക് വേദനയനുഭപ്പെടാത്തത് എന്നാണ് വിശ്വാസം. ചൂരല്‍ മുള്ളുകളാല്‍ ചുറ്റിവരിയപ്പെട്ട നിലയിലായിരിക്കും ഉരുളിച്ചക്കാരനെ കളത്തില്‍ നിന്ന് എടുത്ത് മാറ്റുന്നത്. പിന്നീട്, ചൂരലുകള്‍ മുറിച്ചാണ് മാറ്റുന്നത്. ചൂരല്‍ ഉരുളിച്ചയ്ക്ക് ശേഷമുള്ള ദിവസം ആരും അമ്പലപ്പറമ്പില്‍ എത്താറില്ല. ഈ ദിവസം പിശാചുക്കളുടേതാണ് എന്നാണ് വിശ്വാസം. കുരമ്പാലയുടേത് മാത്രമായ ഈ ചൂരല്‍ ഉരുളിച്ചയെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം...ഞങ്ങളെ അറിയിക്കൂ.ചൂരല്‍ ഉരുളിച്ചപോലുള്ള ബലിയര്പ്പണംഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
Follow Webdunia malayalam