Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആള്‍ദൈവങ്ങളെ വിശ്വസിക്കാമോ?

ആള്‍ദൈവങ്ങളെ വിശ്വസിക്കാമോ?
WD
വിശ്വാ‍സവും അന്ധവിശ്വാസവും മിത്തുകളും ഒക്കെ കൂടിച്ചേര്‍ന്ന ഒരു സംസ്കാരമാണ് ഭാരതത്തിന്‍റേത്. അതുകൊണ്ടു തന്നെ അത്ഭുതപ്രവൃത്തികള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും ഇവിടെ പഞ്ഞമില്ല. അത്തരം ഒരു ആള്‍ ദൈവത്തിന്‍റെ കഥയാണ് ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ പറയുന്നത്.

രാജസ്ഥാനിലെ ബാന്‍സ്‌വാ‍ദ ജില്ലയിലെ ചീഞ്ച് ഗ്രാമത്തിലെ സത്യനാം വിത്തല്‍ദാസ് എന്ന ആള്‍ദൈവമാണ് കഥയിലെ നായകന്‍. തനിക്ക് അമാനുഷ സിദ്ധികളുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. തന്‍റെ അത്ഭുതസിദ്ധികളെ കുറിച്ച് ജനങ്ങളുടെ ഇടയില്‍ പ്രചരണം നല്‍കാനായി ലഘുലേഖകളും സി ഡികളും ഇദ്ദേഹം അനുയായികള്‍ മുഖേന വിതരണം ചെയ്യുന്നു. എയിഡ്സ്, ആര്‍ബുദം തുടങ്ങിയ രോഗങ്ങളെല്ലാം ചികിത്സിച്ച് മാറ്റുമെന്നാണ് സി ഡി കളിലും ലഖുലേഖകളിലും ഇയാളുടെ അവകാശവാദം. അതും സൌജന്യമായി ആണ് ചികിത്സയെന്നും വാഗ്ദാനം ചെയ്യുന്നു.

ഗൃഹങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കത്തി ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിലൂടെ ആണ് ചികിത്സ എന്ന് സി ഡികളിലൂടെ കാണാം. സി ഡികള്‍ കാണുന്ന നിഷ്കളങ്കരായ ഗ്രാമീണരെ ആകര്‍ഷിക്കും വിധത്തിലാണ് രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സി ഡി കണ്ട് വിത്തല്‍ദാസിന്‍റെ ചികിത്സയില്‍ ആകൃഷ്ടനായ മധ്യപ്രദേശിലെ ‘സെം‌ലിയ ചാവു’ ഗ്രാമത്തിലെ സുരേഷ് ബഗാ‍ദി പറയുന്നത് ഇങ്ങനെ “ വിഡ്ഡികളുടെ രാ‍ജ്യമാണ് നമ്മുടേത്. ഈ വിഡ്ഡികളില്‍ ഒരാളാണ് ഞാന്‍.ഞാനും ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്‍റെ വലയില്‍ വീഴുകയുണ്ടായി”.

webdunia
WD
വിത്തല്‍ദാസിന്‍റെ സിഡി സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ശസ്ത്രക്രിയ നടത്തുന്നതിലെ പൊള്ളത്തരം മനസിലാക്കാന്‍ കഴിയും. രോഗിയുടെ ഉദരത്തില്‍ നിന്ന് ഒരു ലോഹക്കഷണം ഇയാള്‍ പുറത്തെടുക്കുകയും രോഗം മാറിയതായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയക്ക് മുന്‍പ് ഒരു ലോഹക്കഷണം ഇയാള്‍ കൈക്കുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് രോഗിയുടെ ഉദരത്തില്‍ നിന്നെടുത്തതായി നടിക്കുകയുമാണ് ചെയ്യുന്നത്.

webdunia
WD
വിത്തല്‍ദാസ് രോഗികളെ ചികിത്സിക്കുന്ന സമയവും അസാധാരണമാണ്. ശനിയാഴ്ച അര്‍ദ്ധരാത്രി ആരംഭിക്കുന്ന ശസ്ത്രക്രിയ വെളുപ്പിന് മൂന്ന് മണി വരെ നീണ്ടുനില്‍ക്കുന്നു. ശസ്ത്രക്രിയ നടക്കുമ്പോള്‍ കെട്ടിടത്തിന്‍റെ പ്രധാനവാതിലുകള്‍ അടച്ച് പൂട്ടിയിരിക്കും. സ്ഥലത്തെ ഇയാളുടെ സ്വന്തം ക്ഷേത്രത്തിന്‍റെ കവാടങ്ങളും അടച്ചിരിക്കും.

വിത്തല്‍ദാസ് ബാബയുടെ ചികിത്സ തേടി വഞ്ചിക്കപ്പെട്ട രാജുബായ്, തന്‍റെ അറിവിലുള്ള സംഭവം വിവരിക്കുന്നു. “എന്‍റെ ഗ്രാമത്തില്‍ നിന്ന് അഞ്ച് സ്ത്രീകള്‍ വിത്തല്‍ദാസ് ബാബയുടെ ചികിത്സ തേടിയിരുന്നു. ഗര്‍ഭപാത്രത്തിന്‍റെ ശസ്ത്രക്രിയയ്ക്കായാണ് ഇവര്‍ പോയത്. എന്നാല്‍ ആരുടെയും രോഗം ഭേദമായില്ലെന്ന് മാത്രമല്ല ഒരു സ്ത്രീയുടെ രോഗസ്ഥിതി വഷളാകുകയും ചെയ്തു”.

സി ഡി യില്‍ കാണപ്പെടുന്ന ദൃശ്യങ്ങളുടേത് പോലെ വിത്തല്‍ദാസ് ശസ്ത്രക്രിയയൊന്നും നടത്തുന്നില്ലെന്ന് രാജുഭായ് പറയുന്നു. രോഗം ബാധിച്ചിട്ടുള്ള പ്രദേശത്ത് വിത്തല്‍ദാസ് ഒരു പോറലിടുന്നു. ഇതിന് ശേഷം ഈ പോറലിട്ട ഭാഗത്ത് ഭസ്മം പൂശുന്നു. ഇതിന് ശേഷം രോഗിക്ക് കുറച്ച് ദിവസത്തേക്ക് മയക്കം അനുഭവപ്പെടുകയും ചെയ്യും. ഇതിനാല്‍ തന്നെ ഭസ്മത്തില്‍ മയക്ക് മരുന്ന് ചേര്‍ക്കുന്നുണ്ടെന്ന സംശയവും ചില രോഗികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമെ മറ്റൊരു അത്ഭുത വിദ്യയും വിത്തല്‍ദാസ് അവതരിപ്പിക്കുന്നുണ്ട്. നാളികേരം പൊട്ടിച്ച ശേഷം അതില്‍ നിന്ന് കുങ്കുമവും പുഷപങ്ങളും പുറത്തെടുത്ത് ജനങ്ങളെ അത്ഭുതപരതന്ത്രരാക്കുന്നു. എന്നാല്‍, ഇത് വെറും ഇന്ദ്രജാലം മാത്രമാണെന്ന് വിത്തല്‍ദാസിന്‍റെ രോഗികളില്‍ ഒരാളായ സുനില്‍ പറയുന്നു. താന്‍ ഇത്തരത്തിലുള്ള നാളികേരത്തില്‍ ഒരെണ്ണം പരിശോധിച്ചുവെന്നും ഈ നാളികേരം പശ കൊണ്ടു ഒട്ടിച്ചിരുന്നുവെന്നു സുനില്‍ വെളിപ്പെടുത്തി.

വിത്തല്‍ദാസിന്‍റെ ചികിത്സ സൌജന്യമല്ലെന്നും സുനില്‍ പറഞ്ഞു. ബാബയ്ക്ക് ഗുണ്ടകളായ അനുചരരുണ്ടെന്നും ഇവര്‍ ശസ്ത്രക്രിയയ്ക്കായി 500 രൂപയും മരുന്നുകള്‍ക്കായി 300 രൂപയും രോഗികളില്‍ നിന്ന് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

webdunia
WD
ഏതായാലും സത്യനാം വിത്തല്‍ദാസ് ഒരു വഞ്ച്കനാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഇയാളെപ്പോലുള്ളവരുടെ ചതിയില്‍ പെടാതിരിക്കാന്‍ വായനക്കാര്‍ ശ്രദ്ധിക്കുക. ഇയാളെപ്പോലുള്ള ആരെങ്കിലും നിങ്ങളുടെ അറിവിലുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്കെഴുതുക. വിത്തല്‍ദാസിന്‍റെ ചികിത്സയെക്കുറിച്ചും നിങ്ങളുടെ പ്രതികരണം അറിയിക്കുക.

Share this Story:

Follow Webdunia malayalam