ഉന്നത പദവികളില്‍ ലഭിക്കുന്നതിനായി ഈശ്വരന് വഴിപാടുകളും പ്രത്യേക പൂജകളും നടത്തുന്നത് സാധാരണമാണ്. എന്നാല്‍, ഉന്നത പദവി നഷ്ടപ്പെടാതിരിക്കാന്‍ ഈശ്വരനില്‍ നിന്ന് ഓടിയൊളിക്കുന്ന പ്രമാണിമാരെ കുറിച്ച് അറിയുമോ? ഇതും വിശ്വാസത്തിന്‍റെ ഭാഗം തന്നെയാണ്!മധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് വിചിത്രമായ ഈ സ്ഥിതിവിശേഷം. ഭഗവാന്‍ മഹാകാലേശ്വരന്‍റെ നഗരമാണല്ലോ ഉജ്ജൈന്‍. ജ്യോതിര്‍ലിംഗത്തിന് പ്രശസ്തമായ സ്ഥലം. ഈ പ്രദേശം വാഴുന്നത് മഹാകാലേശ്വരനാണെന്നാണ് വിശ്വാസം. മറ്റേതെങ്കിലും രാജാവോ ഉന്നത സ്ഥാനീയനോ ഇവിടെ ഒരു രാത്രി തങ്ങിയാല്‍ അയാള്‍ക്ക് രാജ്യമോ അധികാരമോ നഷ്ടപ്പെടുമെന്നാണ് കാലാകാലങ്ങളായി നിലനിന്നു പോരുന്ന വിശ്വാസം. എങ്ങനെയാണ് ഇത്തരം ഒരു വിശ്വാസം ഉടലെടുത്തത് എന്നത് ദുരൂഹമാണ്. എന്തായാലും ഇക്കാലത്തും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ പോലുള്ള ഉന്നതരായ രാഷ്ട്രീയക്കാരാരും ഉജ്ജൈനിയില്‍ രാത്രി തങ്ങാറില്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ഗ്വാളിയറിലെ സിന്ധ്യ രാജാക്കന്‍മാരായിരുന്നു ഉജ്ജൈന്‍ ഭരിച്ചിരുന്നത്. രാജകുടുംബത്തിലെ അംഗങ്ങള്‍ ഉജ്ജൈന്‍ സന്ദര്‍ശിച്ചാല്‍ തന്നെയും രാത്രി ഈ നഗരത്തില്‍ തങ്ങില്ല. ഇത് സിന്ധ്യമാരുടെ മാത്രം കാര്യമല്ല. മറ്റ് നാട്ട് രാജ്യങ്ങളിലെ രാജാക്കന്മാരും ഇതേ വിശ്വാസം വച്ച് പുലര്‍ത്തിയിരുന്നു. എന്തിനേറെ പറയുന്നു, മധ്യപ്രദേശിലെ സിന്ധ്യ സര്‍ക്കാരില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നവരും ഇതേ സമീപനമാണ് സ്വീകരിച്ചിരുന്നത്.ഈ വിശ്വാസം അല്ലെങ്കില്‍ അന്ധവിശ്വാസം ഭരണകാര്യങ്ങളെ ബാധിച്ചു തുടങ്ങിയപ്പോള്‍ സിന്ധ്യമാര്‍ ഉജ്ജൈനിന് പുറത്ത് ഒരു കൊട്ടാരം നിര്‍മ്മിച്ചു. ‘കാലിയദഹ്’ കൊട്ടാരം. രാവിലെ ഉജ്ജൈനിലെത്തുന്ന ഉദ്യോഗസ്ഥര്‍ രാത്രിയാവും മുമ്പ് ഈ കൊട്ടാരത്തിലേക്ക് മടങ്ങുമായിരുന്നു.കാലിയദഹ് കൊട്ടാരത്തില്‍ എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊട്ടാരത്തിന് മുന്നില്‍ അതിമനോഹരമായ തടാകം, സിന്ധ്യമാരുടെ പ്രധാന ആരാധനാമൂര്‍ത്തിയായ സൂര്യഭഗവാന്‍ന്‍റെ ക്ഷേത്രം എന്നിവ ഇവിടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.
ഇന്ത്യ സ്വതന്ത്രമായപ്പോള്‍ സിന്ധ്യകളുടെ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയുണ്ടായി. എന്നാല്‍, പഴയ വിശ്വാസം നിലനിന്നു. മന്ത്രിമാര്‍ ഉജ്ജൈനില്‍ രാത്രി തങ്ങാന്‍ ഭയപ്പെടുന്നത് കാരണം സര്‍ക്കാര്‍ അതിഥി മന്ദിരം പോലും നഗരത്തിന് പുറത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഏതെങ്കിലും വ്യവസായിയോ മന്ത്രിയോ ഉജ്ജൈനിന്‍റെ അതിര്‍ത്തിയില്‍ കൂടി കടന്ന് പോകുകയാണെങ്കില്‍ മഹാകാലേശ്വരനെ സ്മരിച്ച് ശിരസ് നമിച്ചിട്ടേ പിന്നീടുള്ള പ്രയാണം ഉണ്ടാവുകയുള്ളൂ എന്ന് മഹകാലക്ഷേത്രത്തിലെ പൂജാരിമാര്‍ പറയുന്നു. മാത്രമല്ല, മഹാകാലേശ്വരന്‍റെ ഭസ്മ ആരതിയില്‍ പങ്ക് കൊണ്ടതിന് ശേഷം മാത്രമേ ഇവര്‍ ഉജ്ജൈനില്‍ നിര്‍വഹിക്കാനുള്ള ഔദ്യോഗിക പരിപാടികള്‍ നടത്താറുമുള്ളൂ.ഉജ്ജൈന്‍ നഗരത്തെ ഏത് ഭീഷണികളില്‍ നിന്നും പരിരക്ഷിക്കുന്നത് മഹാകാലേശ്വരനാണെന്നാണ് ക്ഷേത്ര പരികര്‍മ്മിയായ ആശീഷ് പൂജാരി പറയുന്നു. ഉജ്ജൈനിലെ ഒരേ ഒരു രാജാവ് മഹാകാലേശ്വരനാണ്. എല്ലാ വര്‍ഷവും ശ്രാവണമാസത്തില്‍ മഹാകാലേശ്വരന്‍ തന്‍റെ പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ഉജ്ജൈനിലെത്താറുണ്ടത്രേ. മറ്റ് രാജാക്കന്മാരെയോ രാജകുടുംബാംഗങ്ങളെയോ ഈ നഗരത്തില്‍ താമസിക്കാന്‍ ഭഗവാന്‍ അനുവദിക്കില്ലെന്ന് പൂജാരി മുന്നറിയിപ്പ് നല്‍കുന്നു.ഏതെങ്കിലും മന്ത്രി ഈ നഗരത്തില്‍ തങ്ങിയിട്ടുണ്ടെങ്കില്‍ അധികാരം നഷ്ടപ്പെടുക തന്നെ ചെയ്യും. ഉദാഹരണമായി മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ഉമാഭാരതിയുടെ അവസ്ഥ പൂജാരി ഓര്‍മ്മപ്പെടുത്തി. ‘സിംഹസ്ത’ ഉത്സവത്തിനിടെ ഉജ്ജൈനിലെ ആത്മീയ ഗുരുവിന്‍റെ ആശ്രമത്തില്‍ ഉമാഭാരതി തങ്ങുകയുണ്ടായി. ശേഷം ഉമയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുക മാത്രമല്ല ബി ജെ പിയില്‍ നിന്നും അവര്‍ക്ക് പുറത്ത് പോകേണ്ടി വന്നു.എന്നാല്‍, ബൌദ്ധികപരമായ ചിന്തകള്‍ വച്ച് പുലര്‍ത്തുന്നവര്‍ ഇത് സമ്മതിക്കുന്നില്ല. ഉമയുടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് ഒരു പ്രത്യേക സാഹചര്യത്തിലാണെന്നും അതിന് ഉജ്ജൈനില്‍ തങ്ങിയതുമായി ബന്ധമില്ലെന്നും അവര്‍ വാദിക്കുന്നു.
Follow Webdunia malayalam